a-suresh

വിഎസിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന  എ. സുരേഷിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ നീക്കം തുടങ്ങി കോൺഗ്രസ്. കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ തന്നെ സമീപിച്ചതായും, മത്സരിക്കുന്ന കാര്യത്തിൽ  നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് സുരേഷും പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍പ്രൈസ് ഉണ്ടാകുമെന്നായിരുന്നു വാർത്തയോടുള്ള കെ. സി വേണുഗോപാലിന്റെ പ്രതികരണം.

ഇടതു കോട്ടയായ മലമ്പുഴയിൽ കോൺഗ്രസിന് സുരേഷിനെക്കാൾ മികച്ചൊരു സ്ഥാനാർത്ഥിയെ കിട്ടാനില്ലെന്ന ബോധ്യമാണ് ചർച്ചയ്ക്ക് പിന്നിൽ. സി പി എമ്മിൽ നിന്ന് 11 വർഷം മുൻപ് പുറത്താക്കപ്പെട്ട വി എസിന്റെ വിശ്വസ്തനായ സുരേഷ് സ്ഥാനാർത്ഥിയാകുമ്പോൾ ഇടത് വോട്ടുകളും സമാഹരിക്കാനാവുമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നു. എന്നാൽ മനസ് തുറക്കാൻ സുരേഷ് തയ്യാറായിട്ടില്ല. കോണ്‍ഗ്രസിന് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും, താന്‍ ഇപ്പോഴും ഇടതുപക്ഷ അനുഭാവി തന്നെയെന്നും സുരേഷ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. തന്നെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിട്ട് പത്തു വര്‍ഷത്തിലേറെയായി. എന്തിനായിരുന്നു ആ നടപടിയെന്ന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല. നേതൃത്വത്തിന് നാല് അപ്പീലുകള്‍ നല്‍കിയിട്ടുണ്ട്. മൂന്നെണ്ണം സംസ്ഥാന നേതൃത്വത്തിനും ഒരെണ്ണം ജില്ലാ നേതൃത്വത്തിനുമാണ് നല്‍കിയത്. എന്നാല്‍ ഇതിലൊന്നും മറുപടി കിട്ടിയിട്ടില്ല. ഇടതുപക്ഷ പ്രസ്ഥാനം രാജ്യത്തും കേരളത്തിലും വേണമെന്ന അഭിപ്രായക്കാരനാണ് താന്‍. എല്ലാ പാര്‍ട്ടി നേതാക്കളുമായി സൗഹൃദമുണ്ട്. അതുകൊണ്ടാകും കോണ്‍ഗ്രസ് നേതാക്കള്‍ തന്നോടു സംസാരിച്ചതെന്നും സുരേഷ് മാധ്യമങ്ങളോടു വിശദീകരിച്ചു. 

Also Read: മല്‍സരിക്കാന്‍ ആഗ്രഹമുണ്ട്; ഹൈക്കമാന്‍ഡിനെ അറിയിച്ചു: കെ. സുധാകരന്‍.

സുരേഷിന്റെ സ്ഥാനാർത്ഥിത്വ ചർച്ച കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശരിവച്ചു. സുരേഷിനെ സ്വാഗതം ചെയ്തു പാലക്കാട് എം പി വി കെ ശ്രീകണ്ഠനും ജില്ല അധ്യക്ഷൻ എ തങ്കപ്പനും രംഗത്തു വന്നു. മത്സര രംഗത്തേക് സുരേഷ് എത്തിയാൽ യു ഡി എഫ് സ്വതന്ത്രനാവാനാണ് സാധ്യത. 2001 മുതൽ 2016 വരെ വി എസ് വിജയിച്ച മണ്ഡലത്തിലേക്ക് സുരേഷിന് ഒരു പരിചയപ്പെടുത്തലിന്റെ കാര്യമില്ലാത്തതും യുഡിഎഫ് അനുകൂലമായി കാണുന്നു. വി. ഡി സതീശന്റെ പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാനും സാധ്യതയുണ്ട്.