സുന്നി ഐക്യ ആഹ്വാനവുമായി സമസ്ത ശതാബ്ദി സമ്മേളനത്തിന് കാസർകോട് സമാപനം. മലപ്പുറം വിഭജനം, പെരുന്നാളിന് മൂന്ന് ദിവസം അവധി, ജമാഅത്തെ ഇസ്ലാമി തീവ്ര സംഘടന എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. മത അടിസ്ഥാനത്തിൽ രാജ്യത്ത് പൗരത്വം നിർണയിക്കപ്പെടുന്നു എന്നും കേരളത്തിൽ പൗരത്വത്തിന്റെ പേരിൽ ഒരാൾ പോലും ജയിലിൽ ആകില്ലെന്നും സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കിയാണ് സമസ്ത ശതാബ്ദി സമ്മേളനത്തിന് തിരശ്ശീല വീണത്. സുന്നി സംഘടനകളുടെ ഐക്യ ആഹ്വാനം സമ്മേളനത്തിൽ ശ്രദ്ധേയമായി. സമ്മേളന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളാണ് സംഘടനകളെയും, വ്യക്തികളെയും പ്രശ്നപരിഹാരത്തിന് ക്ഷണിച്ചത്. 

 മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും പെരുന്നാളിന് മൂന്നുദിവസം അവധി വേണമെന്നുൾപ്പെടെയുള്ള വിഷയങ്ങൾ സമ്മേളനത്തിൽ പ്രമേയമായി. ജമാഅത്ത് ഇസ്ലാമിക് എതിരെ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ ജമാഅത്തെ ഇസ്ലാമി പിന്തുണ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയിലെത്തിയത് ശ്രദ്ധേയമായി. വിഷയം നേരിട്ട് ഉന്നയിക്കാതിരുന്ന മുഖ്യമന്ത്രി , ഭീകരവാദത്തിനും മതരാഷ്ട്രവാദത്തിനും എതിരെ നിലപാട് സ്വീകരിക്കുന്ന സമസ്തയെ പ്രശംസിച്ചു. സമ്മേളനം ഈജിപ്ത് അൽ അസർ യൂണിവേഴ്സിറ്റി റെക്ടർ ഡോ. സലാമ ദാവൂദ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സാദിക്കലി തങ്ങൾ മുഖ്യപ്രഭാഷകളായി. കർണാടക ഉപമ മുഖ്യമന്ത്രി ഡികെ ശിവകുമാർ, പി കെ കുഞ്ഞാലിക്കുട്ടി, യൂസഫലി തുടങ്ങി പ്രമുഖർ സമ്മേളനത്തിന്റെ ഭാഗമായി.

ENGLISH SUMMARY:

The Samastha 100th anniversary conference concluded in Kasaragod with a call for Sunni unity. Key resolutions included proposals for the division of Malappuram, a three-day Eid holiday, and labeling Jamaat-e-Islami as an extremist organization, drawing attention from various political leaders.