TAGS

തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാകള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച് കോര്‍പറേഷന്‍. നഗരത്തിലെ വിവിധ സ്പാകളിൽ കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗം പരിശോധന നടത്തി. അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾ അടച്ചുപൂട്ടുമെന്നും അനുമതിയുളള സ്പാകളില്‍ ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും മേയര്‍ വിവി രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസിന് പരാതി നല്‍കാന്‍ ഭയമാണെന്ന് സെക്രട്ടറിയേറ്റിനടുത്തുള്ള  സ്പര്‍ശന്‍ സ്പായില്‍ ജോലി അഭിമുഖത്തിനിടെ മോശം അനുഭവം നേരിട്ട യുവതി മനോരമന്യൂസിനോട് പറഞ്ഞു.

സെക്രട്ടറിയേറ്റിനടുത്തുള്ള സ്പര്‍ശന്‍ സ്പായില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയ പെണ്‍കുട്ടിയോട് മാനേജര്‍ അപമര്യാദയായി പെരുമാറിയ പശ്ചാത്തലത്തിലാണ്  അനധികൃത സ്പാകള്‍ക്കെതിരെ തിരുവനന്തപുരം കോര്‍പറേഷന്‍ നടപടി പ്രഖ്യാപിച്ചത്. ആരോപണ വിധേയമായ സ്പര്‍ശന്‍ സ്പാ ഇന്നലെ പൊലീസും കോര്‍പറേഷന്‍ അധികൃതരും നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷം അടച്ച് പൂട്ടിയിരുന്നു. പിന്നാലെയാണ് കോര്‍പറേഷനിലെ മുഴുവന്‍ സ്പാകള്‍ക്കുമെതിരെ പരിശോധന  തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി കഴക്കൂട്ടം മേഖലയിലെ സ്പാകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി. കോർപ്പറേഷൻ അനുമതി നൽകിയ സ്പാകളുടെ ലിസ്റ്റ് തയ്യാറാക്കി നൽകാൻ എല്ലാ സോണൽ ഓഫീസുകൾക്കും കോർപ്പറേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ലിസ്റ്റ് കോർപ്പറേഷൻ പോലീസിന് കൈമാറും. ലിസ്റ്റിൽ ഇല്ലാത്ത സ്പാകൾക്കെതിരെ പോലീസ് ആയിരിക്കും തുടർനടപടി സ്വീകരിക്കുക.

ഇന്നലെ അടച്ചുപൂട്ടിയ സ്പർശൻ സ്പായിൽ ജോലിക്കായുള്ള അഭിമുഖത്തിന് എത്തിയ യുവതിക്ക് അപ്രതീക്ഷിത ദുരനുഭവമാണ് ഉണ്ടായത്.  സ്പർശൻ സ്പായിലെ  ജീവനക്കാരൻ ഉപഭോക്താക്കളെ കാണിക്കാൻ ഫോട്ടോ ചോദിച്ചതോടെ അഭിമുഖത്തിൻ്റെ രീതി മാറി. എതിർത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നും യുവതി മനോരമ നന്യൂസിനോട് പറഞ്ഞു. യുവതി രേഖാമൂലം പരാതി നൽകാത്തതിനാൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.

ENGLISH SUMMARY:

Thiruvananthapuram illegal spas are facing closure as the Corporation initiates crackdowns following a disturbing incident. The Corporation's health wing is conducting inspections to identify and shut down unauthorized establishments, with stricter regulations on licensed ones.a