kannaki

TOPICS COVERED

ഭർത്താവിനെ ചതിയിൽപ്പെടുത്തി വധിച്ചതിൽ കോപാകുലയായി മധുരയെ അഗ്നിക്കിരയാക്കിയ ശേഷം അനന്തപുരിയിൽ എത്തിയ കണ്ണകി ദേവിയുടെ ഐതിഹ്യപ്പെരുമ നിലനിർത്താൻ കൂറ്റൻ ശിൽപമൊരുങ്ങുന്നു. ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്താണ് അറുപതടി ഉയരത്തിൽ ഒറ്റച്ചിലമ്പേന്തിയ കണ്ണകിയുടെ ശിൽപ മാതൃക വരുന്നത്. കണ്ണകി ദേവി സൗമ്യ ഭാവമായി മാറി ഇരുപ്പുറപ്പാക്കിയ ആറ്റുകാലില്‍ ഏറ്റവും വലിയ കണ്ണകി ശില്‍പം നിര്‍മിക്കാന്‍ ക്ഷേത്ര ട്രസ്റ്റാണ് തീരുമാനിച്ച് ആദ്യഘട്ട പ്രവൃത്തികള്‍ തുടങ്ങിയത്. 

പഴന്തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തിലെ നായിക. നിരപരാധിയായ ഭർത്താവ് കോവലനെ ചതിയിലൂടെ വകവരുത്തിയ പാണ്ഡ്യ രാജാവിനോട് പ്രതികാരം ചെയ്യാൻ, സ്വന്തം മാറിടം അറുത്തെറിഞ്ഞ് മധുര നഗരം അഗ്നിക്കിരയാക്കിയ കണ്ണകിയുടെ കഥ. സ്നേഹനിധിയായ ഭാര്യ സംഹാര രൂപിണിയായ കണ്ണകിയായി അനന്തപുരിയിലെത്തിയ ഐതിഹ്യം. തമിഴ്നാട്ടുകാരുടെ പത്തിനിക്കടവുൾ ഭാവം മാറി ശാന്തസ്വരൂപിണിയായ ആറ്റുകാൽ അമ്മയായ കഥ. കാളി ഭാവമെന്ന് മറുപേര് പറയുന്ന കണ്ണകിക്ക് അതേ ഭാവത്തിലുള്ള ശിൽപ ഭംഗിയൊരുങ്ങുന്നു. കണ്ണകി ചരിതം തോറ്റം പാട്ടിലൂടെ ചിലപ്പതികാരത്തിൻ്റെ ചിലമ്പൊലികൾ പാടിപ്പതിഞ്ഞ് ഉൽസവം തുടങ്ങുന്ന അമ്പല നടയില്‍. 

മൂന്നര കോടി ചെലവിൽ നിർമിക്കുന്ന കണ്ണകി ശിൽപത്തിൻ്റെ പ്രൗഡി നിറയ്ക്കാൻ ചുമതലപ്പെടുത്തിയത് ആഴിമല ശിവ ക്ഷേത്രത്തിലെ 58 അടി ഉയരമുള്ള മഹാദേവ ശിൽപം തയാറാക്കിയ ദേവദത്തനെന്ന ശിൽപിയെ. ആറ്റുകാലിലെ കണ്ണകി രൂപത്തിന് 60 അടി ഉയരമുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ കണ്ണകി ശിൽപമെന്ന പ്രതാപത്തോടെ ഇത്തവണത്തെ പൊങ്കാല ഉൽസവത്തിന് ശേഷമായിരിക്കും രൂപഭംഗി നിറയുക.

ENGLISH SUMMARY:

A colossal Kannaki statue is being erected near Attukal Temple, preserving the legend of Kannaki Devi's arrival in Thiruvananthapuram after avenging her husband's death. This monumental sculpture, standing sixty feet tall, will be the largest of its kind, depicting the goddess in her fierce yet serene form.