ആന്‍റോ ആന്‍റണി എംപിക്കെതിരെ ഗുരുതര ആരോപണവുമായി തിരുവല്ലയിലെ നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി വായ്പയെടുത്ത രണ്ടുകോടി രൂപ മടക്കി നല്‍കിയില്ല. പലതവണ കാലുപിടിച്ച് ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും എന്‍.എം.രാജു എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, പണം വാങ്ങിയെന്നത് സത്യമാണെന്നും അത് തിരിച്ചു നല്‍കിയെന്നും ആന്റോ ആന്റണി പ്രതികരിച്ചു. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ പണവും രാജുവിന് തിരികെനല്‍കി. സി.പി.എമ്മിനും രാജു പണം നല്‍കിയിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ എല്‍.ഡി.എഫിന്റെ ഭാഗമാണ്. തുക എത്രയെന്ന് പറയാന്‍ തയാറല്ല.
‘തന്ത്രിയ്ക്കു നിക്ഷേപമില്ല’
ശബരിമല തന്ത്രിക്കോ കുടുംബത്തിനോ തന്റെ സ്ഥാപനത്തില്‍ നിക്ഷേപമില്ലെന്ന് നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റ് ഉടമ രാജു. തന്ത്രി രണ്ടരക്കോടി നിക്ഷേപിച്ചെന്നത് വ്യാജപ്രചാരണമാണ്. തന്ത്രിയുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ലെന്നും തന്ത്രിയെയോ കുടുംബാംഗങ്ങളെയോ നേരില്‍ കണ്ടിട്ടില്ലെന്നും രാജു പറഞ്ഞു
Also Read: 'അറിയേണ്ടതെല്ലാം എസ്ഐടി ചോദിച്ചു'; എല്ലാ ചോദ്യത്തിനും മറുപടി നല്‍കി; അടൂര്‍ പ്രകാശ്
നിക്ഷേപ തട്ടിപ്പ് കേസിൽ തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റിനെതിരെ കടുത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുന്നോട്ടു പോകുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ 44.5 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമായി പത്തിടങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് നിക്ഷേപമുണ്ടന്നു സംശയിക്കുന്ന സ്ഥാപനമാണ് നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റ്.
ഇന്നലെ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ ഇ.ഡി പിടിച്ചെടുത്തു. നിക്ഷേപ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻ.എം.രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇ.ഡി കണ്ടെത്തി. സ്വർണ്ണ പണയ ഇടപാടുകൾക്കും മറ്റ് ബിസിനസ് ആവശ്യങ്ങൾക്കുമായും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ ചുവടുപിടിച്ചാണ് 2024 ജൂലൈ 1ന് ഇ.ഡിയും കേസ് റജിസ്റ്റർ ചെയ്തത്. പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ചു വരികയാണെന്നും തട്ടിപ്പിന്റെ വ്യാപ്തിയും ഗുണഭോക്താക്കളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു.
നിക്ഷേപം തിരികെ നൽകാത്തതിനെ തുടർന്ന് രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോര്‍ജ്, അൻസൻ ജോർജ് എന്നിവരെ 2024 മേയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന ട്രഷററും പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റുമാണ് രാജു. കേരളത്തില്‍ പലയിടത്തായി 150ഓളം ശാഖകൾ ഉണ്ടായിരുന്ന സ്ഥാപനമാണ് നെടുമ്പറമ്പിൽ. എന്നാൽ 2024ഓടെ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ല എന്ന പരാതി ഉയരുകയായിരുന്നു. പൊലീസ് കേസിനു പിന്നാലെ ഇഡിയും കേസ് റജിസ്റ്റർ ചെയ്തു. തന്ത്രി ഇവിടെ രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ സ്ഥാപനം പൂട്ടിയിട്ടും പരാതി നൽകിയില്ലെന്നുമുള്ള റിപ്പോര്‍ട്ടുകൾ പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഇ.ഡി റെയ്ഡ്.