adoor-prakash-sit-tvm

സ്വര്‍ണക്കൊള്ളക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. രാവിലെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ അടൂര്‍ പ്രകാശിനെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തത്.  ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടു. പോറ്റിയുടെ കാര്യങ്ങളടക്കം അറിയേണ്ടതെല്ലാം ചോദിച്ചുവെന്നും എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ കൃത്യമായി മറുപടി പറഞ്ഞുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സാമ്പത്തിക ഇടപാടുകള്‍ ചോദിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അടൂര്‍ പ്രകാശിന് പുറമെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും രാവിലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇരുവരും തമ്മില്‍ നടന്ന സമ്മാനക്കൈമാറ്റത്തിലടക്കം എസ്ഐടി വിശദീകരണം തേടി. ഒരേ ചോദ്യങ്ങളില്‍ ഇരുവരുടെയും ഉത്തരം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉണ്ണക്കൃഷ്ണന്‍ പോറ്റിയുടെ രാഷ്ട്രീയ ബന്ധങ്ങളിലേക്ക് അന്വേഷണം നടത്തുമെന്ന് നേരത്തെ തന്നെ എസ്ഐടി വ്യക്തമാക്കിയിരുന്നു. കടകംപള്ളി സുരേന്ദ്രനും അടൂര്‍ പ്രകാശും പോറ്റിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് അയല്‍വാസി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അയല്‍വാസിയുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തിയിരുന്നു. 

അതേസമയം, അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തത് രാഷ്ട്രീയപ്രേരിതമെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം. കേരള പൊലീസ് തടിരക്ഷിക്കാനാണ് അടൂരിനെ ചോദ്യം ചെയ്തതെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. കെപിസിസി പ്രസിഡന്‍റിനെ വരെ ചോദ്യം ചെയ്തേക്കുമെന്നും പലരും വായില്‍ തോന്നിയത് വിളിച്ചു പറയുമെന്നുമായിരുന്നു കെ. സുധാകരന്‍റെപ്രതികരണം. രാഷ്ട്രീയ ലക്ഷ്യമാണ് നിലവിലെ നീക്കത്തിന് പിന്നിലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അതേസമയം വിഡി സതീശന്‍ പ്രതികരിച്ചില്ല.

അതിനിടെ, ശബരിമല സ്വർണ്ണക്കൊള്ളയിൽ എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെ എന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയ്ക്കെതിരെയുള്ള SIT റിപ്പോർട്ടിലാണ്  പരാമർശം. നിലവിൽ തന്ത്രിക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും, ജാമ്യം നൽകേണ്ടതില്ലെന്നുമാണ് എസ്. ഐ. ടി വാദം. അതേസമയം അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാറിനെ 14 ദിവസത്തേക്ക് കൂടി  റിമാൻഡ് ചെയ്തു.  ദേവസ്വം ബോർഡിലെ സിപിഎം പ്രതിനിധിയായിരുന്നു എൻ വിജയകുമാർ.

ENGLISH SUMMARY:

The Special Investigation Team (SIT) probing the Sabarimala gold theft case questioned UDF Convener and Congress MP Adoor Prakash for over two hours on February 7, 2026. The interrogation at the Crime Branch headquarters focused on his alleged relationship with prime accused Unnikrishnan Potti. Prakash clarified that he answered all questions and stated that no financial transactions were discussed. Meanwhile, the SIT informed the court that the alleged theft of gold from the Sreekovil's door frames occurred with the knowledge of Tantri Kandararu Rajeevaru. The case has also seen the extended remand of former TDB member N. Vijayakumar. Opposition leaders, including K.C. Venugopal and K. Sudhakaran, have termed the move against Prakash as politically motivated.