ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷമാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് അറിയുന്നതിനായാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ക്രൈം ബ്രാഞ്ചിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അടൂര്‍ പ്രകാശിന് പിന്നാലെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചു. പോറ്റിയെയും ചോദ്യം ചെയ്യുകയാണ്. സമാനചോദ്യങ്ങളില്‍ ഇരുവരോടും ഉത്തരം ആരായുന്നുവെന്നും റിപ്പോര്‍ട്ട്. പോറ്റിയുടെ വീട്ടില്‍ വച്ച് കൈമാറിയ സമ്മാനങ്ങളില്‍ വ്യക്തത തേടുകയാണ് ലക്ഷ്യം. മൊഴികള്‍ താരതമ്യം ചെയ്ത് നിഗമനത്തിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് രാഷ്ട്രീയ നീക്കമാണെന്ന് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. കേരള പൊലീസ് അല്ലേ? സ്വന്തം തടി കേടായപ്പോഴത്തെ വിഫല ശ്രമമാണിതെന്നും കെസി പറഞ്ഞു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന്റെ ഭാഗമായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ അയല്‍വാസിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അടൂര്‍പ്രകാശിനെയും കടകംപള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്തേക്കുമെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു.