അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതന്‍ പ്രവേശിച്ചതിൽ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓർത്തഡോക്സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതിൽ ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബർ 7-നായിരുന്നു ശോഭായാത്ര ഉദ്ഘാടനം ചെയ്യാൻ സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിൽ എത്തിയത്.

മാര്‍ അപ്രേമിന്‍റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗമാണെന്നും ക്ഷേത്രാചാരങ്ങളുടെ കാര്യത്തില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്നും അദ്ദേഹം ഇതിനെ ആചാരലംഘനമായി കാണുന്നില്ലെന്നുമുള്ള വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. മാര്‍ അപ്രേമിന്‍റെ ക്ഷേത്രപ്രവേശനം 1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഈ നിയമത്തില്‍ ഇങ്ങനെ പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചട്ടങ്ങളിൽ മാത്രമാണ് അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പറയുന്നത്. 

നിയമത്തിന് വിരുദ്ധമായി ചട്ടങ്ങൾ നിൽക്കരുതെന്ന് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. നിയമങ്ങൾ സാമൂഹിക ഐക്യം തകർക്കാനുള്ളതാകരുതെന്നും, പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് ഉപയോഗിക്കേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്കരിക്കണോ എന്ന് സർക്കാരിന് പരിശോധിക്കാം. തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ENGLISH SUMMARY:

The Kerala High Court has ruled that the entry of Orthodox Bishop Dr. Zacharias Mar Aprem into the Adoor Parthasarathy Temple does not constitute a ritual violation. Dismissing a petition against the temple advisory committee, the court emphasized that the Tantri (chief priest) has the final authority on temple customs and had permitted the visit. The Bench, comprising Justices A. Raja Vijayaraghavan and K.V. Jayakumar, noted that the Kerala Hindu Places of Public Worship (Entry Authorization) Act, 1965, does not explicitly bar non-Hindus, and rules should not contradict the Act. The court reminded that laws should foster social harmony and mutual respect rather than division. It also suggested that the government could consult with Devaswom Boards and Tantris to update rules regarding the entry of non-Hindus in a timely manner. This landmark observation highlights the cultural tradition of welcoming guests in temples. Stay updated on the High Court's observations regarding religious harmony and temple traditions in Kerala.