തിരുവനന്തപുരത്ത് ബൈക്ക് യാത്രികരെ കാര്‍ ഇടിച്ച സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിനായി അന്വേഷണം. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് റജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി. മണിയന്‍പിള്ള രാജുവിനെ അന്വേഷിച്ച് വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഇന്നലെ രാത്രി ഏതാണ്ട് പത്തു മണിയോടെ തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന്റെ മുന്നിലാണ് വാഹനാപകടം ഉണ്ടായത്. ബൈക്കിൽ പോയ രണ്ടു യുവാക്കളെ ട്രിവാൻഡ്രം ക്ലബിൽ നിന്നും ഇറങ്ങിവന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ രണ്ടുപേരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കാലിന് പൊട്ടലുണ്ട്. അപകടമുണ്ടാക്കിയ കാറിന്‍റെ ഉടമ മണിയന്‍പിള്ള രാജുവാണെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ കാറോടിച്ചത് അദ്ദേഹമാണോ ഡ്രൈവറാണോ എന്നതിലാണ് പൊലീസ് അന്വേഷണം.

അപകടത്തില്‍ കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടം സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധയില്‍ ഇളകി വീണ കാറിന്റെ നമ്പർ പ്ലേറ്റ് കിട്ടിയിട്ടുണ്ട്. ഇതു പരിശോധിച്ചപ്പോഴാണ് രജിസ്ട്രേഷന്‍ നമ്പർ സുധീർകുമാർ രാജു എന്ന പേരിലുള്ളതാണെന്ന് വ്യക്തമായത്. ഇതിനു പിന്നാലെ രണ്ട് തവണ മ്യൂസിയം പോലീസ് മണിയന്‍പിള്ള രാജുവിന്റെ വീട്ടിൽ എത്തിയെങ്കിലും അദ്ദേഹത്തെയും വാഹനത്തെയും കണ്ടെത്താനായില്ല. മണിയന്‍പിള്ള രാജുവിന്‍റെ ലഭ്യമായ മൊബൈൽ നമ്പറിൽ പല തവണ ബന്ധപ്പെട്ടെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്താ നിലയിലുമാണ്.

ENGLISH SUMMARY:

Actor Maniyanpilla Raju is being investigated in connection with a car accident in Thiruvananthapuram where a car hit two bikers. The vehicle, registered to Sudheer Kumar Raju, identified as the actor's real name by police, was involved in the incident near the Trivandrum Club. Efforts to locate Raju and the vehicle have been unsuccessful as his mobile phone is switched off.