kinaloor-aiims-highcourt

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം. കോഴിക്കോട് കിനാലൂരിലെ സ്ഥലം കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദേശം പാലിക്കുന്നതാണോ എന്ന് അറിയിക്കണം. സംസ്ഥാന സർക്കാരുമായി ഏകോപനം നടത്തി സാധ്യതാ പഠനം നടത്താനാണ് കോടതിയുടെ നിർദേശം. 

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് എയിംസ് അനുവദിച്ചില്ലെന്ന ആരോപണം നിലനിൽക്കേയാണ് ഹൈക്കോടതി ഇടപെടല്‍. എയിംസ് സ്ഥാപിക്കാന്‍ പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോഡിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്.

കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ മേയിൽ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇനി കേന്ദ്ര സർക്കാരാണ് തീരുമാനം അറിയിക്കേണ്ടതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. 

തുടർന്നാണ് സാധ്യതാ പഠനത്തിന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തിന് നിർദേശം നൽകിയത്. ഈ മാസം 25നകം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം മറുപടി നൽകണം. ഹർജി 25ന് വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:

The Kerala High Court has directed the Central Government to conduct a feasibility study on the land proposed by the State Government for AIIMS at Kinalur, Kozhikode. While considering a petition to include Kasaragod in the list of potential locations, the court asked the Center to verify if Kinalur meets the necessary guidelines. The Ministry of Health and Family Welfare must file a reply affidavit by February 25, detailing its findings.