സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ സര്‍വീസ് സംഘടനകള്‍ നിര്‍ദേശത്തോട് യോജിച്ചേക്കാനാണ് സാധ്യത. എന്നാല്‍ ജീവനക്കാരുടെ ലീവുകളുടെ കാര്യത്തില്‍ ഉള്‍പ്പടെ വ്യക്തത വരേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണെന്നാണ് പ്രതിപക്ഷ സംഘടകളുടെ നിലപാട്.
ഭരണം കാര്യക്ഷമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനമാണ് ആഴ്ചയില്‍ അഞ്ചു പ്രവര്‍ത്തി ദിവസം രണ്ട് അവധി ദിനം എന്ന നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കാനാലോചിക്കുന്നത്. കഴിഞ്ഞ ശമ്പള പരിഷ്ക്കരണ കമ്മീഷനും വി.എസ്.അച്ചുതാനന്ദന്‍ ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാനായിരിക്കെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സര്‍വീസ് സംഘടകള്‍ ഉള്‍പ്പെടെ പങ്കെടുക്കും. അഞ്ചു പ്രവൃത്തി ദിവസങ്ങള്‍ എന്നതിനോട് ഇടതുസംഘടനകള്‍ക്കും വലതു സംഘടനകള്‍ക്കും യോജിപ്പാണ്. ജീവനക്കാരുടെ ലീവ് ഉള്‍പ്പടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് ജോയിന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ പ്രതികരിച്ചു.
പ്രതിപക്ഷ സര്‍വീസ് സംഘടകള്‍ക്കും തത്വത്തില്‍ യോജിപ്പാണെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗിമ്മിക്സുകളാണ് ഇതെന്നും ആക്ഷേപമുണ്ട്. സര്‍ക്കാരിന്‍റെ ആത്മാര്‍ഥതയില്‍ സംശയമുണ്ടെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ പറഞ്ഞു
പ്രവൃത്തിദിനം അഞ്ചുദിവസമാക്കി കുറച്ചാല്‍ ജനങ്ങള്‍ക്ക് സേവനം കിട്ടേണ്ട ദിനങ്ങള്‍ കുറയുമെന്ന വിമര്‍ശനം ഉയര്‍ന്നേക്കാം. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം നല്‍കുന്ന ആകെ മണിക്കൂറുകളില്‍ രണ്ടു മണിക്കൂര്‍ മാത്രമേ കുറവുണ്ടാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. പക്ഷെ ആഴ്ചയില്‍ അവധി ദിനം രണ്ടാക്കുന്നതോടെ ലീവുകള്‍ വെട്ടിക്കുറയ്ക്കപ്പെട്ടാല്‍ നിര്‍ദേശത്തോടെ സര്‍വീസ് സംഘടനകള്‍ യോജിച്ചേക്കില്ല.