ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അപ്രതീക്ഷിതമായി കടന്നുവന്നതിലെ അമ്പരപ്പിലാണ് കിഴക്കേക്കോട്ടയിലെ വ്യാപാരികൾ. പഴവങ്ങാടിയിലെ മഹാ ചിപ്സ് എന്ന കടയിലാണ് അജിത് ഡോവൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കൂളായി കടയിലെത്തിയ ഡോവൽ ചിപ്സ് വാങ്ങി മടങ്ങുന്ന വിഡിയോ പുറത്തു വന്നു.
ജനുവരി 22, 23 തീയതികളിലാണ് അജിത് ഡോവൽ തലസ്ഥാനത്ത് എത്തിയത്. ഇതിലൊരു ദിവസമാണ് രാവിലെ എട്ട് മണിയോടെ പഴവങ്ങാടിയിലെ മഹാ ചിപ്സ്സിൽ അജിത് ഡോവൽ എത്തിയത്. കടയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം വരുന്നതും ചിപ്സ് വാങ്ങി മടങ്ങുന്നതും വിഡിയോയിൽ കാണാം. സുരക്ഷാ ഉപദേഷ്ടാവ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും. വന്ന് പോയതിന് ശേഷം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞതെന്നും കടയിലെ ജീവനക്കാർ പറയുന്നു.
‘ചിപ്സ് വാങ്ങാനാണ് അദ്ദേഹം എത്തിയത്. എല്ലാം നോക്കിക്കണ്ടു. സാധാരണക്കാരനെ പോലെയാണ് വന്നത്. സാധാരണ 9 മണിക്കാണ് കട തുറക്കാറ്, ശബരിമല സീസൺ കാലത്താണ് 8 മണിക്ക് തുറന്നു തുടങ്ങിയത് . ഇതറിഞ്ഞാകാം അദ്ദേഹം ആ സമയത്ത് എത്തിയത്. വലിയ തിരക്കില്ലാത്ത സമയത്താണ് അദ്ദേഹം കടന്നുവന്നതെന്ന് ജീവനക്കാർ പറഞ്ഞു.