ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇന്നലത്തെ പ്രതിഷേധത്തെച്ചൊല്ലിയാണ് സഭയില്‍ വാക്പോര് തുടങ്ങിയത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ അടിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോപ്രായം കാട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞതും ശരിയല്ല. മന്ത്രിമാര്‍ സോണിയ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ആക്ഷേപിക്കരുതെന്നും പ്രതിപക്ഷനേതാവ് സഭയില്‍ പറഞ്ഞു. സിപിഎം സ്വര്‍ണം കട്ടതിന് സോണിയയെ പറയുന്നതെന്തിന്?' ഇത് ബിജെപിെയ പ്രീണിപ്പിക്കാനാണ്. മന്ത്രിമാര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. മന്ത്രി രാജീവിന് വ്യക്തിപരമായ വിരോധമാണ്. 

സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം വഴിതെറ്റി. അന്വേഷണം മുന്നോട്ടുപോയാല്‍ പ്രധാന സിപിഎം നേതാക്കള്‍ ഉള്‍പ്പെടുമെന്നും വി.ഡി പറഞ്ഞു.

 

തുടര്‍ന്ന് പ്രതിപക്ഷം ഇന്നും നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കറുടെ മുഖം മറച്ച് പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി. ബാനര്‍ കെട്ടിയ കമ്പ് കൊണ്ട് അടിച്ചെന്നും അടിച്ചത് ആരെന്ന് ആവശ്യമെങ്കില്‍പറയാമെന്ന്സ്പീക്കര്‍മറുപടി നല്‍കി. 

 

സഭയില്‍ പ്രതിപക്ഷനേതാവിനെ കടന്നാക്രമിച്ച് മന്ത്രിമാര്‍ രംഗത്തെത്തി. ഇരട്ടത്താപ്പിന്റെ നേതാവാണ് പ്രതിപക്ഷ നേതാവെന്ന്  മന്ത്രി  എംബി രാജേഷ് പരിഹസിച്ചു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമെന്ന് മന്ത്രി ശിവന്‍കുട്ടി വിമര്‍ശിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് അനുമതി നല്‍കിയത് ആരെന്ന് എന്തിന് മറച്ചുവയ്ക്കണം? ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഒറ്റവികാരമാണ് പ്രതിപക്ഷ നേതാവിനെന്ന് പി രാജിവ് പറഞ്ഞു

 

ഡയസില്‍ കയറി കസേര വലിച്ചിട്ടവരാണ് ഇരട്ടത്താപ്പുകാരെന്ന് ശിവന്‍കുട്ടിക്ക് പ്രതിപക്ഷനേതാവിന്റെ മറുപടി. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത ബിജെപി നേതാവിനെ മന്ത്രി രാജേഷ് കെട്ടിപ്പിടിച്ചു. ജഡ്ജിയെ അധിക്ഷേപിച്ച് സമരം ചെയ്തയാളാണ് രാജീവെന്നും പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു.