കന്യാസ്ത്രീകൾക്ക് പെൻഷൻ നൽകുകയാണെങ്കിൽ ആ തുക ഓരോരുത്തരുടെയും വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകേണ്ടതെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. മഠങ്ങളുടെ പൊതുഫണ്ടിലേക്കാണ് ഈ തുക പോകുന്നതെങ്കിൽ അത് നൽകേണ്ടത് സർക്കാരല്ല. അക്കൗണ്ടിലേക്ക് വരുന്ന പെൻഷൻ തുക, അവർക്ക് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം സന്യാസ സഭ നൽകണമെന്നും ലൂസി കളപ്പുരയ്ക്കൽ ആവശ്യപ്പെട്ടു.
സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതിയിൽ കന്യാസ്ത്രീകളെ കൂടി ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്താണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ തന്‍റെ നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നത്. സർക്കാർ ജോലിയോ പെൻഷനോ ഇല്ലാത്ത കന്യാസ്ത്രീകൾക്ക് നിലവിൽ ബാങ്ക് അക്കൗണ്ട് പോലുമില്ലെന്ന് ലൂസി കളപ്പുരയ്ക്കൽ പറയുന്നു. പണം സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശവുമില്ല. പ്രൊവിൻഷ്യൽ ഹൗസുകളിലോ, ജനറലേറ്റുകളിലോ മാത്രമാണ് നേരത്തെ മുതൽ ബാങ്ക് അക്കൗണ്ട് ഉള്ളത്. അവരാണ് ബാങ്ക് വഴി എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഇത്തരം പൊതു അക്കൗണ്ടുകളിലേക്ക് അല്ല പെൻഷൻ തുക എത്തേണ്ടത് എന്നാണ് ലൂസി കളപ്പുരയ്ക്കലിന്‍റെ വാദം.
പെൻഷൻ നൽകും എന്ന് സർക്കാർ പ്രഖ്യാപിച്ചാൽ ഓരോരുത്തർക്കും അക്കൗണ്ട് തുടങ്ങും എന്നാണ് പ്രതീക്ഷ. പക്ഷേ ഈ വ്യക്തികളുടെ അക്കൗണ്ടിലേക്ക് വരുന്ന പെൻഷൻ തുക, അവർക്ക് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം സന്യാസ സഭ നൽകണം. എങ്കിൽ മാത്രമേ ആ ഒരു തുക അവർക്ക് ഗുണമുള്ളൂ. എല്ലാ സഭകൾക്കും ധാരാളം സ്വത്തുണ്ട്. സർക്കാർ നൽകുന്ന പെൻഷൻ തുക സഭയുടെ പൊതു ഫണ്ടിലേക്ക് പോകാനുള്ളതാണെങ്കിൽ ആ തീരുമാനം സ്വാഗതാർഹമല്ലെന്നും ലൂസി കളപ്പുരയ്ക്കൽ വ്യക്തമാക്കി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ചതിന് നടപടി നേരിട്ട സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നിലവിൽ അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്യുകയാണ്.