സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിനെ കുറിച്ച് അടിമുടി അവ്യക്തത. ഏപ്രില്‍ 1ന് പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് പറയുമ്പോള്‍ പദ്ധതിയുടെ രൂപ രേഖ ഇതുവരെ ധനവകുപ്പ് തയ്യാറാക്കിയിട്ടില്ല. പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ജീവനക്കാരുടെ വിഹിതം തുടരും. പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കുമോ...? പെന്‍ഷന്‍ നല്‍കുന്നതിന് കുറവ് വരുന്ന തുക സര്‍ക്കാര്‍ വഹിക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല.
പുതിയ അഷ്വേര്‍ഡ് പെന്‍ഷനെ കുറിച്ച് ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ ഇത്ര മാത്രമാണ്. എന്നാല്‍ ഉത്തരം കിട്ടേണ്ട അനവധി ചോദ്യങ്ങള്‍ ബാക്കിയാണ്. പങ്കാളിത്ത പെന്‍ഷനിലെ ജീവനക്കാരുടെ വിഹിതമായ അടിസ്ഥാന ശമ്പളത്തിന്‍റെയും ഡി.എയുടെയും പത്ത് ശതമാനം അതേപടി തുടരും. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന വിഹിതം വര്‍ധിക്കുമോ....? സര്‍ക്കാരിന്‍റെ വിഹിതവും ജീവനക്കാരുടെ വിഹിതവും ചേര്‍ത്ത് അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ അമ്പത് ശതമാനമായില്ലെങ്കില്‍ കുറവ് വരുന്ന തുക എങ്ങനെ കണ്ടെത്തും...? കുറവ് വരുന്ന തുക സര്‍ക്കാര്‍ വഹിക്കുന്ന തമിഴ്നാട് മോഡല്‍ കേരളം സ്വീകരിക്കുമോ....? സര്‍ക്കാരിന്‍റെ വിഹിതവും ജീവനക്കാരുടെ വിഹിതവും പ്രത്യേക ഫണ്ടായി എങ്ങനെ കൈകാര്യം ചെയ്യും..? ഇക്കാര്യത്തില്‍ നിലവിലുള്ള എന്‍.പി.എസിന്‍റെ മാതൃകയാണോ സ്വീകരിക്കുക. അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറുമ്പോള്‍ പങ്കാളിത്ത പെന്‍ഷനിലേക്ക് പിടിച്ച തുക എങ്ങനെ പിന്‍വലിക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല.
അഷ്വേര്‍ഡ് പെന്‍ഷന്‍റെ രൂപരേഖ തയ്യാറാക്കാന്‍ ധനവകുപ്പ് ഉദ്യോഗസരുടെ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി ഇതുവരെ ഇക്കാര്യങ്ങളില്‍ അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നാണ് വിവരം. കമ്മറ്റി ധാരണയിലെത്തി, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉത്തരവിറക്കിയാലേ ഏപ്രില്‍ ഒന്നിന് പദ്ധതി പ്രാബല്യത്തില്‍ വരൂ. അല്ലെങ്കില് കഴിഞ്ഞ ബജറ്റിലേ പ്രഖ്യാപനം പോലെ പദ്ധതി വീണ്ടും കടലാസിലൊതുങ്ങും.