തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചികില്‍സാ നിഷേധം കാരണം യുവാവ് മരണപ്പെട്ടുവെന്ന ആരോപണം ശൂന്യവേളയില്‍ ഉയര്‍ത്തി ആരോഗ്യകേരളം വെന്‍റിലേറ്ററിലെന്ന് നിയമസഭയില്‍ പ്രതിപക്ഷം. ഇത്രയും വീഴ്ചകള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ട മറ്റൊരു ആരോഗ്യമന്ത്രി സംസ്ഥാന ചരിത്രത്തില്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പരിഹസിച്ചു. എന്നാല്‍ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് സമര്‍ഥിക്കാനായിരുന്നു ഭരണപക്ഷശ്രമം.ചര്‍ച്ചയ്ക്കിടെ നിയമസഭയിലെ സീറ്റുകള്‍ കാലിയായി കിടക്കുന്നതില്‍ സ്പീക്കര്‍ അതൃപ്തി രേഖപ്പെടുത്തി.
വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കെത്തിയ ബിസ്മീര്‍ എന്ന യുവാവ് ചികില്‍സ ലഭിക്കാതെ മരിച്ചത് മുന്‍നിര്‍ത്തി ആരോഗ്യമേഖലയുടെ വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രതിപക്ഷം. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ചികില്‍സാ പിഴവുകളില്‍ റിപ്പോര്‍ട്ട് തേടല്‍ മാത്രമേ ആരോഗ്യവകുപ്പിന്‍റെ ഭാഗത്ത് നിന്ന് നടക്കുന്നുളളുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
45 മിനിറ്റ് നീണ്ട മറുപടി പ്രസംഗത്തില്‍ രണ്ടു മിനിറ്റ് മാത്രം വിഷയത്തെ സ്പര്‍ശിച്ച ആരോഗ്യമന്ത്രി ബാക്കി സമയം മുഴുവന്‍ നേട്ടങ്ങള്‍ ചൂണ്ടിക്കാനാണ് വിനിയോഗിച്ചത്. വിളപ്പില്‍ശാലയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും എല്ലാം കൃത്യമായി നടന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആരോഗ്യമന്ത്രി,കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പിനല്ല ആരോഗ്യമന്ത്രിക്കാണ് ആസ്തി ഉണ്ടായതെന്നും വീണാ ജോര്‍ജ് പരിഹസിച്ചു.
ഇതിനിടെ ആളില്ലാ ബഞ്ചുകളെ നോക്കി സഭ ടെസ്റ്റ് ക്രിക്കറ്റ് മത്സരവേദി പോലെയെന്ന് വിമര്‍ശിച്ച് സ്പീക്കര്‍. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കള്‍ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷത്തിന് നേര്‍ക്ക് വിമര്‍ശനം കടുത്തതതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി.