കേരളം നടുങ്ങിയ നെന്മാറ പോത്തുണ്ടി ഇരട്ട കൊലപാതകത്തിനു ഇന്നേക്ക് ഒരാണ്ട് തികഞ്ഞു. മന്ത്രവാദിയുടെ വാക്കുകേട്ട് ചെന്താമരയെന്ന സൈക്കോ കുറ്റവാളി സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അടുത്ത മാസം 25 ന് വിചാരണ തുടങ്ങും.. 2025 ജനുവരി 27. രാവിലെ പത്ത് മണി സമയം. പത്തു മിനുറ്റിനുള്ളിൽ ചെന്താമരയെന്ന കൊടുംകുറ്റവാളി സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടി വീഴ്ത്തി. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ കൊന്നതിന്റെ ബാക്കി. ഭാര്യ തന്നോട് അകലാൻ കാരണക്കാരെന്ന് വിധിയെഴുതി നടത്തിയ ക്രൂരത, കാട്ടിലേക്ക് ഓടിമറഞ്ഞ ചെന്താമര മൂന്നാം നാൾ അഴിക്കുള്ളിലായി.
പോത്തുണ്ടി ബോയൻ കോളനിയിലുള്ളവർക്ക് ഒരു വർഷത്തിനിപ്പുറവും ഭീതി വിട്ടുമാറിയിട്ടില്ല. അരുംകൊല കൺമുന്നിൽ കണ്ട മക്കളായ അഖിലക്കും അതുല്യക്കും നോവ് ഉണങ്ങിയിട്ടില്ല. ഇനിയും ആ രാക്ഷസനെ പുറത്തുവിടല്ലേ എന്നാണ് കുടുംബം പറയുന്നത് സജിത വധക്കേസിൽ ജീവപര്യന്തമാണ് കോടതി ശിക്ഷ വിധിച്ചത്. നിലവിൽ ചെന്താമരയുള്ളത് വിയ്യൂർ അതീവ സുരക്ഷ ജയിലിൽ. ഇരട്ടക്കൊലപാതകത്തിൽ വിചാരണ അടുത്തമാസം 25 ന് തുടങ്ങും. റെക്കോർഡ് വേഗത്തിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ശക്തമായ തെളിവുകളും സാക്ഷികളും പരിഗണിച്ച് വധശിക്ഷ തന്നെ വാങ്ങി കൊടുക്കാനാണ് നീക്കം