ലിന്‍റോ ജോസഫ് എംഎല്‍എയെ സമൂഹമാധ്യമത്തിലൂടെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവത്തില്‍ ഒത്തുതീര്‍പ്പ്. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്‌ലം ക്ഷമ ചോദിച്ചതോടെ താന്‍ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ലിന്റോ ജോസഫ് അറിയിച്ചു. ശാരീരിക പരിമിതികളെ പരിഹസിച്ച ലീഗ് അനുഭാവി അസ്‌ലം മുഹമ്മദിനോട് ക്ഷമിച്ച എംഎൽഎ, പരാതി പിൻവലിച്ച് അദ്ദേഹത്തോടൊപ്പം ചായയും കുടിച്ചാണ് പൊലീസ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.
സംഭവമിങ്ങനെ, കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്കിലെ ഒരു കമന്റിലൂടെ അസ്‌ലം മുഹമ്മദ്, ലിന്റോ ജോസഫ് എംഎൽഎയുടെ ശാരീരിക പരിമിതികളെ പരിഹസിച്ചത്. ഇതിനെതിരെ മന്ത്രിമാരും എ.എ. റഹീം എംപി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. തുടർന്ന് ഡിവൈഎഫ്‌ഐ നൽകിയ പരാതിയിൽ അസ്‌ലമിനെ ഇന്ന് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ പൊലീസ് ലിന്റോ ജോസഫിനെയും സ്റ്റേഷനിലേക്ക് വിളിച്ചു. തുടര്‍ന്ന് ലിന്റോ സ്‌റ്റേഷനില്‍ എത്തുകയും അസ്‌ലം ക്ഷമ ചോദിക്കുകയുമായിരുന്നു.
'ലിന്റോയുടെ കാലിനല്ല വൈകല്യമെന്നും മറിച്ച് സഹജീവിയുടെ വേദന സ്വജീവനേക്കാള്‍ വലുതാണെന്ന് കരുതിയ ഒരു നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകനെ പരിഹസിക്കുന്ന നിങ്ങളുടെ മനസിനാണ് വൈകല്യ'മെന്നുമായിരുന്നു എ എ റഹീം എംപി പ്രതികരിച്ചത്.
പരിഹാസങ്ങളില്‍ പതറാതെ പോരാട്ടത്തിന്റെ കരുത്തുമായി ലിന്റോ ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ടാകുമെന്നും നിങ്ങളോട് സഹതപിക്കാനേ തങ്ങള്‍ക്ക് കഴിയുകയുള്ളൂവെന്നും എ.എ റഹീം പറഞ്ഞിരുന്നു. അപരസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ലിന്റോയെന്നും മുസ്‌ലിം ലീഗിന്റെ വേട്ടമൃഗങ്ങളുടെ അധിക്ഷേപത്തില്‍ കെട്ട് പോകുന്ന വെളിച്ചമല്ലെന്നുമായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞത്. സംഭവത്തില്‍ പ്രതികരിച്ച് ലിന്റോ ജോസഫ് തന്നെ രംഗത്തെത്തിയിരുന്നു. നാടിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നതിലാണ് ശ്രദ്ധയെന്നും അധിക്ഷേപ കമന്റുകള്‍ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ലിന്റോ ജോസഫ് പറഞ്ഞത്.
അസ്‌ലമിന് തെറ്റ് ബോധ്യപ്പെട്ടതായി ലിന്റോ ജോസഫ് പ്രതികരിച്ചു. തിരുത്താനുള്ള സന്മനസ് അസ്‌ലം കാണിച്ചു. തെറ്റ് പറ്റിയാല്‍ തിരുത്തുകയാണ് വേണ്ടത്. തെറ്റ് പറ്റാത്തവരായി ആരും ഇല്ല. ഇതോടെ ഈ വിഷയം അവസാനിച്ചെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി. രാഷ്ട്രീയ പോരുകൾക്കിടയിലും വ്യക്തിപരമായ അന്തസ്സും സ്നേഹവും ഉയർത്തിപ്പിടിക്കുന്ന എംഎൽഎയുടെ ഈ നിലപാട് ഇപ്പോൾ വൈറലാവുകയാണ്.