രാജ്യത്തിന്റെ പത്മപുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാന നിമിഷം. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. ഇത്തവണ പ്രഖ്യാപിച്ച അഞ്ച് പത്മവിഭൂഷൺ പുരസ്കാരങ്ങളിൽ മൂന്നെണ്ണവും മലയാളികൾക്കാണെന്നത് കേരളത്തിന് ഇരട്ടി മധുരമായി. 5 പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ എന്നിവയുൾപ്പെടെ 2026-ലെ 131 പത്മ പുരസ്‌കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. Read More Here: വി.എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

ധർമേന്ദ്ര

കേരള രാഷ്ട്രീയത്തിലെ ജനകീയ ബിംബമായിരുന്ന വി.എസ്സിന് പൊതുപ്രവർത്തന രംഗത്തെ നിസ്തുല സേവനങ്ങൾ പരിഗണിച്ചാണ് പത്മവിഭൂഷൺ നൽകിയത്. നിയമരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ജസ്റ്റിസ് കെ.ടി. തോമസിന് പത്മവിഭൂഷൺ നൽകി ആദരിച്ചത്. ജന്മഭൂമി മുൻ മുഖ്യപത്രാധിപരും സാംസ്കാരിക-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനുമായ പി. നാരായണനും പത്മവിഭൂഷൺ ലഭിച്ചു. കൂടാതെ, പ്രശസ്ത നടൻ ധർമേന്ദ്രയ്ക്കും,  മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. ഒപ്പം പ്രശസ്ത വയലിനിസ്റ്റ് എൻ. രാജം പത്മവിഭൂഷൺ നേടി.

കലാരംഗത്തെ പകരംവെക്കാനില്ലാത്ത സംഭാവനകൾ പരിഗണിച്ച് മെഗാസ്റ്റാർ മമ്മൂട്ടിക്ക് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 1998-ൽ പത്മശ്രീ ലഭിച്ചതിന് ശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തെ തേടി പത്മഭൂഷൺ എത്തുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പൊതുപ്രവർത്തന രംഗത്തെ മികവിന് പത്മഭൂഷൺ ലഭിച്ചു.

നൃത്തരംഗത്തെ സംഭാവനകൾക്ക് കലാമണ്ഡലം വിമലാ മേനോനും, പരിസ്ഥിതി സംരക്ഷണ രംഗത്തെ നിശബ്ദ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ സ്വദേശിനി കൊല്ലക്കയിൽ ദേവകിയമ്മയും പത്മശ്രീ പുരസ്കാരത്തിന് അർഹരായി. പിതാവിന് ലഭിച്ച അംഗീകാരത്തിൽ വലിയ സന്തോഷമുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ പ്രതികരിച്ചു. വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും കുടുംബത്തിന് ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്മഭൂഷൺ പട്ടികയിൽ പ്രശസ്ത ഗായിക അൽക യാഗ്നിക്, വ്യവസായി ഉദയ് കൊട്ടക്, പരസ്യ രംഗത്തെ അതികായൻ പിയൂഷ് പാണ്ഡെ (മരണാനന്തരം), ടെന്നീസ് ഇതിഹാസം വിജയ് അമൃതരാജ് എന്നിവരും ഉൾപ്പെടുന്നു. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ബോളിവുഡ് നടൻ സതീഷ് ഷാ (മരണാനന്തരം), കായികതാരങ്ങളായ രോഹിത് ശർമ്മ, സവിത പുനിയ എന്നിവര്‍ പത്മശ്രീ നേടി. 

പിയൂഷ് പാണ്ഡെ

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, വി.എസ്. അച്യുതാനന്ദൻ, വെള്ളാപ്പള്ളി നടേശൻ, പി. നാരായണൻ തുടങ്ങിയവർക്ക് പുരസ്കാരം നൽകിയതിനെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നീക്കമായും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. 

ENGLISH SUMMARY:

Padma Awards 2026 recognize distinguished individuals across various fields. The awards honored VS Achuthanandan posthumously and included several other prominent figures from Kerala, sparking discussions about their potential political implications.