govindan-satheesan-speed-rail-sreedharan-04

ഇ.ശ്രീധരന്‍റെ അതിവേഗ റെയിലിനോട് സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നതില്‍ വ്യക്തത വരുത്താതെ എല്‍ഡിഎഫ്. റെയിൽവേ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ഒരു ഫയലും തന്‍റെ മുന്നിൽ വന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പറച്ചിലാവരുത് എന്നും മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. ശ്രീധരന്‍റെ പദ്ധതിയില്‍ നിലപാട് പറയാതെ അതിവേഗ റെയിൽ വേണമെന്നതിൽ തർക്കമില്ലെന്നും അതിനായി പലമാർഗങ്ങൾ തേടാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ശ്രീധരന്‍റെ പദ്ധതിയെ പ്രതിപക്ഷനേതാവ് സ്വാഗതം ചെയ്തു.

സിൽവർ ലൈൻ പകരം പുതിയ അതിവേഗ റെയിൽ വരുമെന്ന് പ്രഖ്യാപിച്ചത് മെട്രോമാൻ ഇ.ശ്രീധരനാണ്. ഡിപിആർ വൈകാതെ തയ്യാറാക്കാൻ തുടങ്ങുമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രബജറ്റിൽ കേരളത്തിലെ അതിവേഗ റെയിൽ പ്രഖ്യാപിക്കുമെന്നാണ് ഇ.ശ്രീധരൻ നൽകുന്ന സൂചന. കേന്ദ്രസർക്കാരിന്‍റെ പൂർണ നിയന്ത്രണത്തിലുള്ള അതിവേഗ റെയിലെന്ന പ്രഖ്യാപനത്തോട് സർക്കാർ യോജിച്ചേക്കില്ലെന്നാണ് സൂചന. എന്നാൽ പ്രഖ്യാപിക്കുന്ന പദ്ധതിയുടെ സ്വഭാവം മനസിലാക്കാതെ ശ്രീധരന്റെ പദ്ധതിയെ സർക്കാർ തള്ളിപ്പറയില്ല. റെയിൽവേ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ഒരു ഫയലും എന്റെ മുന്നിൽ വന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പറച്ചിലാവരുത് എന്നും മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. എന്നാൽ ഇ.ശ്രീധരൻ മുന്നോട്ട് വെച്ച പദ്ധതിയിൽ പാർട്ടി നിലപാട് വ്യക്തമാക്കാൻ എം.വി.ഗോവിന്ദൻ തയ്യാറായില്ല. 

വേഗ റെയിലിനായി പല മാർഗ്ഗങ്ങൾ തേടാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.  

സർക്കാർ നേരത്തെ തന്നെ അത്തരം ഒരു ആശയം പ്രഖ്യാപിച്ചിരുന്നുവെന്നും വ്യക്തമായ ഒരു നിർദ്ദേശവും സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജനും പറഞ്ഞു. സിൽവർ ലൈനെ എതിർക്കാൻ കാരണം തട്ടിക്കൂട്ട് പദ്ധതി ആയതിനാൽ. അതിനർഥം കേരളത്തിന് അതിവേഗ റെയിൽ വേണ്ടാ എന്നല്ലെന്ന് വി.ഡി.സതീശനും പറഞ്ഞു.​ഡിപിആർ പൂർത്തിയാകാൻ ഒൻപത് മാസമെടുക്കുമെന്ന് സൂചിപ്പിക്കുന്ന പദ്ധതി ഇപ്പോൾ സജീവമാക്കുന്നതിനെ തിരഞ്ഞെടുപ്പിന് മുൻപുള്ള ഇലക്ഷൻ സ്റ്റണ്ട് ആണോ എന്നുള്ള സംശയമാണ് സർക്കാർ കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത്. സിൽവർ ലൈൻ ഇല്ലെങ്കിൽ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ മാതൃകയിലുള്ള റാപ്പിഡ് റെയിൽ ട്രാൻസിറ്റ് (RRT) പദ്ധതിയോടാണ് സംസ്ഥാന സർക്കാരിന് താൽപര്യം. ഇതിലുള്ള നീക്കങ്ങളും സർക്കാർ സജീവമാക്കുന്നു എന്നാണ് വിവരം.