വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിര്‍മാണത്തിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. 2045ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിര്‍മാണം 2028ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തില്‍ ക്രൂസ് ടെര്‍മിനല്‍ കൂടി വരുന്നതോടെ വന്‍കിട യാത്രാ കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാനാകും.
വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്മെന്‍റ് ഹബ് ആകാനുള്ള ലക്ഷ്യവുമായാണ് രണ്ടാം ഘട്ട നിര്‍മ്മാണം തുടങ്ങുന്നത്. 10,000 കോടി രൂപയുടെ വികസന പദ്ധതിയാണ് രണ്ടാം ഘട്ടത്തില്‍ വിഴിഞ്ഞത്തെ കാത്തിരിക്കുന്നത്. 2024 ഡിസംബര്‍ 3-ന് വിഴിഞ്ഞം പ്രവര്‍ത്തനക്ഷമമായത് മുതല്‍ ലോകത്തെ വന്‍കിട ചരക്ക് കപ്പലുകള്‍ വഴിഞ്ഞത്തേക്ക് എത്തുകയാണ്. 710 കപ്പലുകള്‍ ഇതിനോടകം തന്നെ വിഴിഞ്ഞത്തെത്തി.
വിഴിഞ്ഞത്ത് തുറമുഖത്തെ റയില്‍വേയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ യാര്‍ഡ് , എല്ലാ തരത്തിലുമുള്ള ചരക്കുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയാണ് രണ്ടാം ഘട്ടത്തിലെ ഹൈലൈറ്റ്. ലിക്വിഡ് ടെര്‍മിനല്‍ വരുന്നതോടെ ദ്രവ രൂപത്തിലുള്ള ഉത്പന്നങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കാന്‍ പറ്റും. ടാങ്ക് ഫാം വരുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തേ ആശ്രയിക്കാം. നിലവില്‍ വമ്പന്‍ തുറമുഖങ്ങളില്‍ മാത്രമേ ഈ സൗകര്യമുള്ളൂ. തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയില്‍ രാജ്യാന്തര കപ്പല്‍ പാതയ്ക്കു സമീപത്തുനിന്ന് ഇന്ധനം നിറയ്ക്കാന്‍ സൗകര്യമുള്ളതിനാല്‍ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തെ ആശ്രയിക്കും. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുത്താണ് രണ്ടാംഘട്ട നിര്‍മാണം നടത്തുന്നത് . കണ്ടെയ്നര്‍ യാര്‍ഡ് വികസിക്കുന്നതോടെ ഒരേസമയം യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്നറുകളുടെ എണ്ണം 35000-ല്‍ നിന്ന് ഒരു ലക്ഷമായി ഉയരും . പുതിയതായി ഷിപ്പിങ് കമ്പനികളും ലോജിസ്റ്റിക് കമ്പനികളും വിഴിഞ്ഞത്തേക്ക് കൂടുതല്‍ തൊഴിലവസരങ്ങളും കൊണ്ടുവരും . ആദ്യകരാര്‍ അനുസരിച്ച് 2045 ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനും ഏറെ മുന്‍പേ 2028 ഓടെ വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണമാക്കാനാണ് നിര്‍മാണകമ്പനിയും നടത്തിപ്പുകാരുമായ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത് . രണ്ടാം ഘട്ടത്തില്‍ ക്രൂസ് ടെര്‍മിനല്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ലോകത്തെ വലിയ ആഡംബര യാത്രകപ്പലുകളും വിഴിഞ്ഞത്തെത്തും