ഒരു വർഷത്തിൽ അഞ്ചോ അതിലധികമോ ചലാനുകൾ ലഭിച്ചാൽ വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കുന്ന തരത്തിൽ നിയമം കർശനമാക്കുന്നു. കേന്ദ്രമോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്തും കർശനമായി നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. നിയമലംഘനം സ്ഥിരമാക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി പിടിച്ചെടുക്കാനാണ് തീരുമാനം.
നിയമലംഘനം നടത്തി പിഴ അടക്കാതെ മുങ്ങി നടക്കുന്നവർക്ക് വലിയ പണിയാണ് വരുന്നത് . കേന്ദ്ര മോട്ടോർ നിയമം കർശനമായി നടപ്പാക്കുന്നതോടെ പലരും കുടുങ്ങും. ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലായിട്ടുണ്ട്. വർഷത്തിൽ 5 തവണ വാഹന നിയമം ലംഘിക്കുന്നവരെ സ്ഥിരം കുറ്റവാളിയായി കണക്കാക്കിയാണ് നടപടി എടുക്കുക. ലൈസൻസ് റദ്ദാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
ആര് വാഹനം ഓടിച്ചാലും കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്ത്വം വാഹന ഉടമക്കാണ്. ചലാൻ ലഭിച്ചാൽ പിഴ അടയ്ക്കുന്നതിന് 45 ദിവസത്തെ സമയപരിധി മാത്രമേ ഇനി ലഭിക്കൂ. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ്, മലിനീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ തടയും. കുടിശ്ശികയുള്ള വരുത്തിയാലാണ് വാഹനം പിടിച്ചെടുക്കുക .ഹെൽമറ്റ് , സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരിക്കുക, ചുവപ്പ് സിഗ്നൽ തെറ്റായി മറികടക്കുക തുടങ്ങിയ നിയമലംഘനങ്ങളും ഗുരുതര കുറ്റക്യത്യങ്ങളിൽ ഉൾപ്പെടും. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് നിയമ ഭേദഗതി . ചലാൻ തെറ്റാണെന്ന് തോന്നുകയാണെങ്കിൽ, 45 ദിവസത്തിനുള്ളിൽ അത് ഓൺലൈൻ പോർട്ടൽ വഴി ചോദ്യം ചെയ്യാനും വാഹന ഉടമക്കാവും