ഫണ്ട് തിരിമറി ആരോപണത്തില്‍ പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. സിപിഎം–കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കോണ്‍ഗ്രസും, എംഎൽഎ ഓഫിസ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് സിപിഎമ്മും ആരോപിച്ചു.
സെൻട്രൽ ബസാറിലാണ് സിപിഎം–കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. നിരവധി കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ബിജെപി പ്രവർത്തകരുടെ പ്രതിഷേധവും സിപിഎം തടഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു കയ്യേറ്റം നടന്നത്. ആക്രമണം നടത്തിയത് എംഎല്‍എയുടെ ഗുണ്ടകളാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. കോണ്‍ഗ്രസ് പ്രകടനത്തിന് ഇടയിലേക്ക് വടികളുമായി വന്ന് ആക്രമിക്കുകയായിരുന്നുവെന്നും ഫണ്ട് തിരിമറിയില്‍ പ്രതിഷേധം തുടരുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
അതേസമയം, പയ്യന്നൂരില്‍ സിപിഎമ്മിനെതിരെ ഫണ്ട് തിരിമറി ആരോപണം ഉയര്‍ത്തിയ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണനെ കടന്നാക്രമിച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തി. പാര്‍ട്ടി വിരുദ്ധ നടപടി വച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു. കുഞ്ഞികൃഷ്ണന്‍ താനൊഴിച്ച് ബാക്കിയെല്ലാവരും കള്ളന്മാരാണെന്ന് പറയുന്നുവെന്ന് മുന്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പരിഹസിച്ചു. പാര്‍ട്ടി നേതൃത്വം പൂര്‍ണമായും തള്ളിപ്പറഞ്ഞതോടെ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉറപ്പായി.
ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട്, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലായി ഒരുകോടി രൂപയുടെ ക്രമക്കേടാണ് വി കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്. നേരത്തെ പാര്‍ട്ടിക്കുള്ളില്‍ മാത്രം പറഞ്ഞവയായിരുന്നു ഇത്. കുഞ്ഞികൃഷ്ണന്‍റെ ആരോപണങ്ങള്‍ പൂര്‍ണമായും വസ്തുതാവിരുദ്ധമെന്നാണ് സിപിഎം നിലപാട്.