സമൂഹമാധ്യമത്തിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന്, യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതക്കെതിരെ കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതി. ദീപക്കിനെതിരെ ആരോപണം ഉന്നയിക്കാനായി ചിത്രീകരിച്ച വിഡിയോയില്‍ ഉള്‍പ്പെട്ട യുവതിയാണ് പരാതിക്കാരി. അതേസമയം ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കുന്ദമംഗലം കോടതി ഈ മാസം 27 ന് വിധി പറയും
ദീപക്കിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കാനായി ഷിംജിത മൊബൈലില്‍ 7 വിഡിയോകളാണ് എടുത്തത്. ഇവ പിന്നീട് എഡിറ്റ് ചെയ്യുകയായിരുന്നു. ഈ വിഡിയോയില്‍ ഉള്‍പ്പെട്ട യുവതിയാണ് പരാതിക്കാരി. ദീപക്കിനെതിരായ വിഡിയോയില്‍ തന്‍റെ മുഖവും അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും അതിനാല്‍ ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കണ്ണൂര്‍ സൈബര്‍ പൊലിസിന് യുവതി പരാതി നല്‍കിയത്. ദീപക്ക് ആത്മഹത്യ ചെയ്ത 17നാണ് യുവതി പരാതി നല്‍കിയത്. വിവരാവകാശനിയമപ്രകാരം പരാതിയുടെ വിശദാംശങ്ങള്‍ ലഭിക്കാനായി ദീപക്കിന്‍റെ കുടുംബം അപേക്ഷ നല്‍കി
ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായെങ്കിലും വിധിപറയുന്നത് ഈ മാസം 27ലേക്ക് മാറ്റി. ലൈംഗികാതിക്രമം ആരോപിച്ച് ഷിംജിത ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയത്.