നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണമെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കടുത്ത നിലപാടെടുത്തു. സംഘടനാ നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും, അത്തരം പ്രസ്താവനകളെ പാര്‍ട്ടി തളളുമെന്നും മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സമിതിയില്‍ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമര്‍ശനമുണ്ടായി. സജിയുടെ വിവാദ പ്രസ്താവന പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിമര്‍ശനം.
എ.കെ.ബാലന്റെയും സജി ചെറിയാന്റെയും ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ സിപിഎമ്മിന് വലിയ രീതിയിൽ തിരിച്ചടി ഉണ്ടാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കളോട് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് അനാവശ്യമായ വിവാദങ്ങളിൽ പെട്ട് പാർട്ടിക്ക് നാണക്കേടുണ്ടാക്കരുതെന്ന് സംസ്ഥാന കമ്മിറ്റിയിൽ എം.വി.ഗോവിന്ദന്‍ നേതാക്കന്‍മാരെ ഓര്‍മിപ്പിച്ചു.
മന്ത്രി സജി ചെറിയാന്‍ നടത്തിയ വർഗീയ പരാമർശം പാര്‍ട്ടിക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ലെന്നാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനം. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി ഏതെങ്കിലും നേതാവ് പരസ്യ പ്രസ്താവനകൾ നടത്തുകയാണെങ്കിൽ അതിനെ പാർട്ടി പരസ്യമായി തള്ളിക്കളയും. അത്തരം പ്രസ്താവനകളുടെ ഉത്തരവാദിത്ത്വം ആ നേതാക്കൾക്ക് മാത്രമായിരിക്കുമെന്നും സംസ്ഥാന സമിതിയിൽ എം.വി.ഗോവിന്ദൻ വ്യക്തമാക്കി.