അമ്മയോട് ഒരു മകള്‍ ചെയ്യരുതാത്തതെല്ലാം ചെയ്തു. കൊച്ചി പനങ്ങാട് സ്വദേശിനി നിവ്യയില്‍ നിന്ന് അമ്മ സരസു അനുഭവിച്ചത് കൊടിയ പീഡനം. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എഴുപതുകാരിയായ അമ്മയുടെ വാരിയെല്ല് നിവ്യ തല്ലിയൊടിച്ചത്. ആക്രമണത്തിന് ശേഷം സ്ഥലംവിട്ട നിവ്യയെ മാനന്തവാടിയില്‍ നിന്നാണ് പനങ്ങാട് പൊലീസ് പിടികൂടിയത്.
എഫ്ഐആറില്‍ പറയുന്നതനുസരിച്ച് അമ്മ സരസുവുമായി നിവ്യ നിരന്തരം തര്‍ക്കവും വഴക്കുമായിരുന്നു. സംഭവ ദിവസം അമ്മയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് കമ്പിപ്പാരയെടുത്ത് വാരിയെല്ല് തല്ലിയൊടിക്കുകയായിരുന്നു. കൊലപാതകം, കഞ്ചാവുകടത്ത്, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് നിവ്യ. നിവ്യയുടെ ക്രിമിനല്‍ പശ്ചാത്തലം കണ്ട് ഞെട്ടിയ പൊലീസ് കടുത്ത വകുപ്പുകള്‍ തന്നെ ചുമത്താനാണ് സാധ്യത.
നിവ്യ കസ്റ്റഡിയിലാകുന്ന സമയം ഒപ്പം 10 വയസുള്ളൊരു കുട്ടിയുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇത്രയും വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തന്നെ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. അമ്മ സരസു പരാതി നല്‍കിയെന്നറിഞ്ഞതോടെ മുങ്ങിയ നിവ്യയെ മാനന്തവാടിയിലെത്തി പനങ്ങാട് പൊലീസാണ് പിടികൂടിയത്. നിവ്യ ഉപയോഗിക്കുന്ന ഫെയ്സ് ക്രീം കാണാതായതാണ് സംഭവദിവസം പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
ക്രീം അമ്മയെടുത്ത് മാറ്റിവച്ചു എന്നാരോപിച്ചാണ് നിവ്യ അമ്മയെ മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തൊഴിലുറപ്പ് തൊഴിലാളിയാണ് പരുക്കേറ്റ സരസു.