തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാക്കാത്തതിലെ അതൃപ്തി പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും പ്രകടമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ബിജെപി പൊതു സമ്മേളന വേദിയില്‍ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോലും പോകാതെയാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത്.
മേയര്‍ വിവി രാജേഷും, കെ സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും, ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകായെ മാറിനിന്നു. ശ്രീലേഖ കോര്‍പറേഷന്‍ മേയറാക്കാത്തതില്‍ നേരത്തെയും അതൃപ്തി പരസ്യമാക്കിയിരുന്നു.
പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലുണ്ടായിരുന്നെങ്കിലും മോദിയില്‍ നിന്നും പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളില്‍ നിന്നും ശ്രീലേഖ അകലം പാലിച്ചുകൊണ്ട് മാറിനില്‍ക്കുകയായിരുന്നു. മോദിയെ യാത്ര അയക്കാനായി മറ്റ് നേതാക്കളെല്ലാം കൂടിനില്‍ക്കുമ്പോഴും സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് മാറിനില്‍ക്കുകയായിരുന്നു ശ്രീലേഖ.
അതേസമയം, കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തി. വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷപ്രചാരണവും വിലപ്പോവില്ലെന്നാണ് സതീശന്‍ പ്രതികരിച്ചത്. വര്‍ഗീയ ശക്തികളെ കുഴിച്ചുമൂടാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകുമെന്നും യുഡിഎഫിന്‍റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ്. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണ്'. - സതീശന്‍ വ്യക്തമാക്കുന്നു.