സ്വര്‍ണക്കൊള്ളക്കേസിലെ വിവാദ സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് അടുത്ത ബന്ധമെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. സ്വന്തം മണ്ഡലത്തിലെയാള്‍ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്. എന്നാല്‍ ബെംഗളൂരുവില്‍ വച്ചും ഇവര്‍ കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ചിത്രങ്ങളും പോറ്റി അടൂര്‍ പ്രകാശിന് സമ്മാനം കൈമാറുന്നതിന്‍റെ ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള ചിത്രങ്ങളില്‍ പോറ്റിയുടെ സുഹൃത്തായ രമേഷ് റാവുവും ഒപ്പമുണ്ട്.
പോറ്റിയുടെ പുളിമാത്തെ തറവാട്ട് വീട്ടില്‍ അടൂര്‍ പ്രകാശ് എത്തിയിരുന്നുവെന്ന് അയല്‍വാസിയായ വിക്രമന്‍ നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പോറ്റിയുടെ ബന്ധുവിന്‍റെ വിവാഹച്ചടങ്ങിലും അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നു. സോണിയ ഗാന്ധിയെ കാണാന്‍ പോറ്റി ഡല്‍ഹിയിലെത്തിയപ്പോഴും അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഒരു തവണ അടൂര്‍ പ്രകാശും മറ്റൊരിക്കല്‍ ആന്‍റോ ആന്‍റണിയുമായിരുന്നു പോറ്റിക്കൊപ്പമുണ്ടായത്. തന്‍റെ മണ്ഡലത്തിലെ വോട്ടറായതിനാല്‍ സോണിയ ഗാന്ധിയെ കാണാന്‍ പോയപ്പോള്‍ തന്നെയും ഒപ്പം കൂട്ടിയെന്നായിരുന്നു അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് അന്ന് വിശദീകരിച്ചത്. സാമൂഹ്യ സേവന പ്രവര്‍ത്തങ്ങളിലൂടെയാണ് പോറ്റിയെ പരിചയമെന്നും മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അവകാശപ്പെട്ടിരുന്നു. എന്നാല് സോണിയ ഗാന്ധിയുടെ അപ്പോയിന്‍മെന്‍റ് കിട്ടാന്‍ പൊതുവില്‍ പ്രയാസമാണെന്നിരിക്കെ രണ്ടുവട്ടം എങ്ങനെയാണ് പോറ്റിക്ക് അത് സാധ്യമായതെന്നത് അന്വേഷണ സംഘം ഗൗരവത്തിലാണെടുത്തതും പരിശോധന തുടര്‍ന്നതും. നിലവിലെ സാഹചര്യങ്ങളില്‍ അടൂര്‍ പ്രകാശിനെ അന്വേഷണസംഘം വിളിപ്പിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.