തിരുവനന്തപുരം കടയ്ക്കാവൂര്‍ വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ടു സ്കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുടവൂര്‍കോണം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഗോകുല്‍, നിഖില്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ പുറത്തെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ മേലാറ്റിങ്ങൽ ഉദിയറ കുളിക്കടവിലാണ് സംഭവം. ഇന്ന് വൈകിട്ടോടെയാണ് കുട്ടികള്‍ നദിയിൽ കുളിക്കാനിറങ്ങിയത്. ആകെ നാലുപേരാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് ഗോകുലും നിഖിലും മുങ്ങിത്താഴുകയായിരുന്നു. മറ്റു രണ്ടു കുട്ടികൾ നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സുമെത്തി. ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.