ശബരിമലയിലെ കൊടിമര പുനപ്രതിഷ്ടയ്ക്ക് കാരണമായത് പഴയ കൊടിമരത്തില്‍ അനധികൃതമായി പെയിന്‍റ് അടിച്ചതും ജീര്‍ണതയും. ഇത് തെളിയിക്കുന്ന ദേവപ്രശ്ന വിധിച്ചാര്‍ത്ത് മനോരമ ന്യൂസ് പുറത്തുവിട്ടു. കൊടിമരം മാറ്റാന്‍ തീരുമാനമെടുത്തത് എം.പി.ഗോവിന്ദന്‍ നായരുടെ കാലത്തെ ദേവസ്വം ബോര്‍ഡാണെന്നും വ്യക്തമായതോട പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലെ ബോര്‍ഡിനെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമെന്ന ആക്ഷേപം ശക്തമായി. ഇതിനിടെ ശബരിമലയുടെ അധികാരികള്‍ക്ക് ജയില്‍വാസം ദേവപ്രശ്നത്തില്‍ പ്രവചിച്ചിരുന്നൂവെന്നും വ്യക്തമായി.
കോണ്‍ക്രീറ്റ് കൊടിമരം ചിതലരിച്ചെന്നും തുരുമ്പെടുത്തെന്ന് പറഞ്ഞ് പുതിയ കൊടിമരം സ്ഥാപിച്ചത് തന്നെ തട്ടിപ്പെന്ന തരത്തിലായിരുന്നു ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചാരണം. ഇത് നുണയെന്ന് തെളിയിക്കുന്നതാണ് ദേവപ്രശ്ന ചാര്‍ത്ത്. ചെറുവള്ളി നാരായണന്‍ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേവപ്രശ്നത്തിലാണ് കൊടിമരം മാറ്റണമെന്ന് നിര്‍ദേശിക്കുന്നത്. രണ്ട് കാരണങ്ങളാണ് അതിനായി പറയുന്നത്. കൊടിമരത്തില്‍ അനര്‍ഹമായ ലേപനം പൂശിയത് ദോഷമാണെന്നും ജീര്‍ണതയുണ്ടെന്നും. അനര്‍ഹമായ ലേപനം എന്ന് കണ്ടത്, കൊടിമരത്തിലുണ്ടായ പൊത്ത് മറയ്ക്കാനായി പെയിന്‍റ് അടിച്ചതിനെയാണ്. ഇതുകാരണം കോണ്‍ക്രീറ്റ് കൊടിമരം മാറ്റി തടികൊണ്ടുള്ള കൊടിമരം വേണമെന്ന് ദേവപ്രശ്നവിധി.
ഇതോടെ ദേവസ്വം ബോര്‍ഡോ തന്ത്രിയോ അല്ല കൊടിമരം മാറ്റത്തിന് പിന്നിലെന്ന് വ്യക്തമാകുന്നു. ദേവപ്രശ്നം നടന്നത് 2014 ജൂണ്‍ 18നാണ്. അന്ന് എം.പി. ഗോവിന്ദന്‍ നായര്‍ പ്രസിഡന്‍റായിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ബോര്‍ഡാണുള്ളത്. ഇവരാണ് കൊടിമരം മാറ്റാന്‍ തീരുമാനിച്ചതും നടപടികള്‍ തുടങ്ങിയത്. പിന്നീട് 16 മാസങ്ങള്‍ക്ക് ശേഷമാണ് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലുമടങ്ങിയ ബോര്‍ഡ് അധികാരമേല്‍ക്കുന്നത്. അതിനാല്‍ കൊടിമരം പുനപ്രതിഷ്ടക്ക് പിന്നില്‍ പ്രയാറിന്‍റെ ബോര്‍ഡെന്ന ആക്ഷേപവും നിലനില്‍ക്കില്ല.
ഇതോടെ 2107ലെ ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള രാഷ്ട്രീയ നീക്കമെന്ന ആക്ഷേപം ബലപ്പെടുകയാണ്. അതിനിടെ കൗതുകകരമായ പ്രവചനവും ദേവപ്രശ്നത്തിലുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ടവര്‍ക്ക് മാനഭംഗവും ജയില്‍വാസവുമാണ് 2014ലെ ദേവപ്രശ്നത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണക്കൊള്ള നടക്കുന്നത്. 11 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട 10 പേര്‍ ജയിലിലുമായി.