കിളിമാനൂര്‍ വാഹനാപകടക്കേസില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കിളിമാനൂർ എസ്എച്ച്ഒ ബി.ജയൻ, എസ്.ഐ.മാരായ അരുൺ, ഷജിം എന്നിവർക്കാണ് സസ്പെൻഷൻ. കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ മുഖ്യപ്രതിയായ വിഷ്ണുവിന്റെ സുഹൃത്ത് ആദര്‍ശിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ആദര്‍ശ് ആയിരുന്നു.
ഈ മാസം 3 ന് കിളിമാനൂർ പാപ്പാലയിലായിരുന്നു അപകടം. കിളിമാനൂർ കുന്നുമ്മേൽ സ്വദേശി രജിത്തും ഭാര്യ അംബികയും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ജീപ്പ് ഇടിയ്ക്കുകയായിരുന്നു. അപകടശേഷം രക്ഷപെടാന്‍ ശ്രമിച്ച ജീപ്പ് ഡ്രൈവര്‍ അംബികയുടെ തലയിലൂടെ വാഹനം കയറ്റിയിറക്കി. തുടര്‍ന്ന് പോസ്റ്റിലിടിച്ചു. വീണ്ടും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന വാഹന ഉടമ വളളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസിനു കൈമാറിയെങ്കിലും ജാമ്യത്തില്‍ വിടുകയായിരുന്നു. അപകടത്തില്‍ ചികില്‍സയിലിരിക്കെ അംബിക ജനുവരി ഏഴിനും രജിത്ത് കഴിഞ്ഞ ഇരുപതിനും മരിച്ചു.
അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അപകടമുണ്ടാക്കിയവരെ സുരക്ഷിതരാക്കുകയാണ് പൊലീസ് ചെയ്തത്. കേസ് മനപൂർവമല്ലാത്ത നരഹത്യ കുറ്റത്തിൽ മാത്രമൊതുക്കി. ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമമമെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പരാതി നല്കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഒടുവില്‍ അംബികയുടെ മരണത്തിന് ശേഷം സമ്മർദ്ദങ്ങളെ തുടർന്നാണ് പൊലീസ് നരഹത്യയ്ക്കുള്ള വകുപ്പ് ചേർത്തത്. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന പൊലീസിന്‍റെ ഉറപ്പിലാണ് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം അവസാനിപ്പിച്ചത്.