വയനാട് ബ്രഹ്മഗിരി സൊസൈറ്റിയിലെ കള്ളപ്പണ ഇടപാടിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ പരാതി. സിപിഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ ആണ് ബാങ്ക് ഇടപാടുകൾ എന്നാണ് ആക്ഷേപം. ആരോപണം നേരിട്ട ബത്തേരി യൂണിയൻ ബാങ്കിലേക്ക് ബിജെപി മാർച്ച് നടത്തി.
ചാക്കുകെട്ടുകളിൽ ലക്ഷങ്ങളുടെ കള്ളപ്പണം എത്തിച്ച് സൊസൈറ്റിയിലെ ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി അത് വെളുപ്പിച്ചെടുത്തെന്നാണ് മുൻ ജീവനക്കാരനായ നൗഷാദ് നേരത്തെ വെളിപ്പെടുത്തിയത്. മന്ത്രി ഒ.ആർ.കേളു ഉൾപ്പെട്ട ഡയറക്ടർ ബോർഡിൽ ഉന്നത സിപിഎം നേതാക്കളുടെ അറിവോടെ ആണ് കള്ളപ്പണം വെളുപ്പിച്ചത് എന്നാണ് കോൺഗ്രസ് ആരോപണം. ലക്ഷങ്ങൾ തിരിച്ചു കിട്ടാനുള്ള നിക്ഷേപകരുടെ പരാതികളിൽ ഇതുവരെയും കേസ് എടുത്തില്ല. ഇടപാടുകൾ ഇ.ഡി. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ പരാതി നൽകി.
ബത്തേരി യൂണിയൻ ബാങ്കും സിപിഎം നേതാക്കളുമായുള്ള വഴിവിട്ട ബന്ധമാണ് ഈ ബ്രാഞ്ചിലൂടെ മാത്രം ഇടപാടുകൾ നടക്കാൻ കാരണം എന്നാണ് ആക്ഷേപം. അതേസമയം ബിജെപിയും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തുവന്നു.