ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായ പരിശീലന കപ്പല്‍ ഐഎന്‍എസ് സുദര്‍ശിനി ലോകസഞ്ചാരത്തിന് ഇറങ്ങി. ലോകയാന്‍ 2026 എന്ന പേരിട്ട സമുദ്രപര്യടന ദൗത്യം കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് ഫ്ലാഗ് ഓഫ് ചെയ്തു. നാവികസേനയുടെ കരുത്തും വളര്‍ച്ചയും സമുദ്രമേഖലയിലെ സൗഹൃദവും ലോകത്തിന് മുന്‍പാകെ വിളംബരം ചെയ്യുന്നതാണ് സുദര്‍ശനിയുടെ കടല്‍യാത്ര.
13 രാജ്യങ്ങള്‍. 18 തുറമുഖങ്ങള്‍. 22,000 നോട്ടിക്കല്‍മൈല്‍. പത്തുമാസം നീണ്ട ഉലകംചുറ്റല്‍. ഐഎന്‍എസ് സുദര്‍ശിനിയുടെ പര്യടനം നാവികസേന ദക്ഷിണമേഖല മേധാവി സമീര്‍ സക്സേന ഫ്ലാഗ് ഓഫ് ചെയ്തു. സുദര്‍ശിനിയുടെ ആദ്യ ലോകയാന്‍ പര്യടനമാണ്. ലോകയാന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പര്യടനവും. കമഡോര്‍ രവികാന്ത് നന്ദൂരി നേതൃത്വം നല്‍കുന്ന യാത്രസംഘത്തില്‍ 80 പേരുണ്ട്.
ഐഎന്‍എസ് തരംഗിണിയുടെ പിന്മുറ പരിശീലന കപ്പലായാണ് സുദര്‍ശിനി വിലയിരുത്തുന്നത്. 2012 ജനുവരി 27ന് ദക്ഷിണ നാവിക സേനയുടെ ഭാഗമായി കമ്മിഷന്‍ ചെയ്തു. ലോകപര്യടനത്തിനിടെ ഐഎന്‍എസ് സുദര്‍ശിനി ഫ്രാന്‍സിലും യുഎസിലും നടക്കുന്ന ആഘോഷപരിപാടികളില്‍ ഇന്ത്യയുടെ പ്രൗഢമായ പ്രതിനിധ്യമാകും.