സിപിഎം നിയന്ത്രണത്തിലുള്ള വയനാട് ബ്രഹ്മഗിരി സൊസൈറ്റിയിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി ജീവനക്കാരൻ നൗഷാദ്. 2021ൽ സൊസൈറ്റിയിലേക്ക് ചാക്കിൽ പണം എത്തിച്ച് ജീവനക്കാരുടെ അക്കൗണ്ട് വഴി നിക്ഷേപം നടത്തിയെന്നാണ് ആക്ഷേപം. പണം തിരിച്ച് കിട്ടാൻ നിക്ഷേപകർ പ്രക്ഷോഭം ശക്തമാകുമ്പോളാണ് പുതിയ വെളിപ്പെടുത്തൽ.
കോഴിക്കോട്ട് നിന്നാണ് ബ്രഹ്മഗിരി സൊസൈറ്റിയുടെ ബത്തേരി ഓഫിസിലേക്ക് 2021 ഡിസംബറിൽ കള്ളപ്പണം എത്തിച്ചതെന്നാണ് നൗഷാദിൻ്റെ വെളിപ്പെടുത്തൽ. അന്ന് ഓഫിസ് അറ്റൻഡർ ആയിരുന്ന നൗഷാദ് അതിൻ്റെ ചിത്രങ്ങളും പുറത്തുവിട്ടു. പിന്നീട് ബത്തേരിയിലെ ഒരു ബാങ്ക് വഴി സൊസൈറ്റിയിലെ ജീവനക്കാരുടെ അക്കൗണ്ടിലൂടെ ആ പണം വെളുപ്പിച്ചെടുത്തു.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ നൗഷാദിന് 22 ലക്ഷം തിരിച്ച് കിട്ടാനുണ്ട്. സൊസൈറ്റിയുടെ ഭാഗമായി അടച്ചുപൂട്ടിപ്പോയ മാംസ സംസ്കരണ ഫാക്ടറിയിൽ പണം നിക്ഷേപിച്ച അറുനൂറോളം പേരാണ് വഞ്ചിതരായത്. ഇതിൽ സിപിഎം പ്രവർത്തകരും ഉൾപ്പെടും. നൂറ് കോടിയോളം വരുന്ന തുക തിരികെ ആവശ്യപ്പെട്ട് സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതിക്ക് എതിരെ വലിയ പ്രക്ഷോഭമാണ് ഉയരുന്നത്.