ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപ മൂല്യം വരുന്ന എട്ട് സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ 100 ഗ്രാം സ്വർണ്ണം ഇ.ഡി കണ്ടെടുത്തു. ശബരിമലയിൽ നിന്ന് ലഭിച്ച സ്വർണ്ണം ഉരുക്കി വേർതിരിച്ചെടുത്ത ശേഷം അത് വിവിധ ജ്വല്ലറികളിലേക്ക് മാറ്റിയതായാണ് കണ്ടെത്തൽ. സ്വർണ്ണം കടത്തുന്നതിനായി അത് ചെമ്പ് പാളികളാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ രേഖകൾ ചമച്ചതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
രാത്രികാലങ്ങളിൽ രഹസ്യമായി ചെന്നൈയിൽ എത്തിച്ചാണ് സ്വർണ്ണം വേർതിരിച്ചിരുന്നത്. ഇതിലൂടെ ലഭിച്ച കള്ളപ്പണം ഉപയോഗിച്ച് കൂടുതൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ദേവസ്വം ഓഫീസിൽ നിന്ന് സ്വർണ്ണത്തിന്റെ സ്റ്റോക്ക് സംബന്ധിച്ച നിർണ്ണായക ഫയലുകളും രജിസ്റ്ററുകളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്.