കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവം അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയെന്ന് ബസ് ജീവനക്കാര്‍. ബസിലെ സി.സിടിവി ക്യാമറയില്‍ ദൃശ്യം പതിഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാർ മനോരമ ന്യൂസിനോട് പറഞ്ഞു. പയ്യന്നൂരിലെ അല്‍ അമീന്‍ ബസ്സിലായിരുന്നു യുവതി വീഡിയോ ചിത്രീകരിച്ചത്. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ വീഡിയോ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയെ  അറസ്റ്റ് ചെയ്തേക്കും. 

ആത്മഹത്യ പ്രേരണക്ക് പൊലീസ് കേസ് എടുത്തതിന് പിന്നാലെ  ഷിംജിത ഒളിവിലാണെന്നാണ് സൂചന. ഷിംജിതയെ  രക്ഷപ്പെടാന്‍ പൊലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ജീവനൊടുക്കിയ ദീപക്കിന്‍റെ  കുടുംബവും രംഗത്തു വന്നു. ജാമ്യമില്ല വകുപ്പ് പ്രകാരം ഷിംജിതയ്ക്ക് എതിരെ   കേസ് എടുത്തതോടെയാണ്  അറസ്റ്റ് നടപടിയിലേക്ക് പൊലീസ് കടന്നിരിക്കുന്നത്. ഇന്നലെ വടകരയിലെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍  പോയതായാണ് വിവരം. 

ഫോണും സ്വിച്ച് ഓഫാക്കിയ നിലയിലാണ്. സൈബര്‍ പൊലിസും കേസില്‍ പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്. എഡിറ്റ് ചെയ്ത വീഡിയോയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അതിനാല്‍ ഷിംജിതയുടെ മൊബൈലില്‍ ഉള്ള യഥാര്‍ഥ വീഡിയോ കൂടി കണ്ടെത്തി പരിശോധന നടത്തും. നീതി ആവശ്യപ്പെട്ട് ദീപിക്കിന്‍റെ കുടുംബവും രംഗത്തെത്തി. 

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേയ്ക്കുള്ള യാത്രക്കിടെയാണ് ദീപക്ക് ലൈഗിംകാതിക്രമം നടത്തിയെന്ന് കാട്ടി  ഷിംജിത സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ ബസിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചാണ് പൊലീസിന്‍റെ അന്വേഷണം. മെഡിക്കല്‍ കോളജ് പൊലീസ് എടുത്ത കേസില്‍ ഷിംജിത മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന്  നല്‍കിയേക്കും. 

ENGLISH SUMMARY:

Kozhikode suicide case is the focus of this news. The bus staff reported that they learned about the Kozhikode incident that led to Deepak's suicide through social media, but the bus CCTV did not record the incident.