പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന ഭാഗത്ത് നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡ് ശ്രദ്ധേയമാകുന്നു. കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാല്‍...തല്ലും തല്ലും തല്ലും–ഇതാണ് വെങ്ങോലയ്ക്കടുത്ത് കണ്ടത്തറയിലുള്ള ‘ഭായി കോളനി’ എന്നും ‘ബംഗാൾ കോളനി’ എന്നും അറിയപ്പെടുന്ന സ്ഥലത്ത് നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡ്.
കഞ്ചാവ്, ഹെറോയിൻ, രാസലഹരി തുടങ്ങി എന്തും സുലഭമായി ലഭിക്കുന്ന ഭാഗമാണിതെന്നും പകൽ പൊതുനിരത്തിൽ പോലും ആളുകള്‍ ലഹരി കുത്തിവയ്ക്കുകയും മറ്റും ചെയ്യുന്ന സ്ഥലത്ത് നിവൃത്തികേടുകൊണ്ടാണ് ബോർഡ് സ്ഥാപിച്ചതെന്നും പറയുന്നു നാട്ടുകാർ. ബോർഡ് സ്ഥാപിച്ചതിനു പിന്നാലെ നാട്ടുകാർ ‘ലഹരി വിരുദ്ധ സമിതി’ എന്ന കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യത്തിലാണ് പൊലീസും എക്സൈസും.
കേരളത്തിൽ ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന ഭാഗമാണ് പെരുമ്പാവൂരും അനുബന്ധ പ്രദേശങ്ങളും. ലഹരി വ്യാപാരവും വേശ്യാവൃത്തിയും യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലഹരി അന്വേഷിച്ച് പല ജില്ലകളില്‍ നിന്നും ആളുകള്‍ ഈ ഭാഗത്തേക്ക് എത്താറുണ്ട്. പൊലീസും എക്സൈസും ഇടക്കിടെ പരിശോധന നടത്തുന്നുണ്ടെങ്കിലും ലഹരിയൊഴുക്കില്‍ കുറവ് വരില്ലെന്നാണ് റിപ്പോര്‍ട്ട്.