ആടിയശിഷ്ടം നെയ് ക്രമക്കേടിൽ ശബരിമല സന്നിധാനത്തെ ആദ്യഘട്ട വിജിലൻസ് പരിശോധന കഴിഞ്ഞു. 13,675 പാക്കറ്റ് നെയ് കാണാതായതിൽ ആണ് അന്വേഷണം. പരിശോധനയില്ലാതെ കൗണ്ടറിൽ ജോലി ചെയ്ത എല്ലാവരെയും പ്രതികളാക്കി എന്നാണ് ജീവനക്കാരുടെ ആരോപണം.
കഴിഞ്ഞ മണ്ഡല കാലത്താണ് 13 ലക്ഷം രൂപയുടെ നെയ് പായ്ക്കറ്റുകൾ കാണാതായത്. കേസെടുത്തതിന് പിന്നാലെ മുൻവർഷങ്ങളിലെ അടക്കം ഫയലുകൾ വിജിലൻസ് പരിശോധിച്ചു വരികയാണ്. കൃത്യമായ എണ്ണമോ രേഖകളോ ഇല്ലാതെ ആയിരുന്നു പായ്ക്കറ്റ് നെയ്യുടെ വില്പന എന്നാണ് പരിശോധനയിൽ വ്യക്തമായത്. വിവാദമായതോടെ നെയ് വിൽപ്പനയിൽ കൃത്യമായ കണക്ക് വന്നു.
അതേസമയം മണ്ഡലകാലത്ത് നാലു കൗണ്ടറുകളിലായി ജോലി ചെയ്ത 30 ശാന്തിക്കാരെയും, പരിശോധനകളും അന്വേഷണവുമില്ലാതെ പ്രതികളാക്കി എന്നാണ് ആരോപണം. ദേവസ്വം ബോർഡ് നടപടിയെടുത്ത സുബ്രഹ്മണ്യൻ പോറ്റി എന്നയാളുടെ ക്രമക്കേട് മറ്റു ജീവനക്കാർ തന്നെയാണ് വിജിലൻസിനെ അറിയിച്ചതെന്നും ഇവർ പറയുന്നു. പ്രതികാര നടപടി ഭയന്നാണ് മുന്നോട്ട് വരാൻ ധൈര്യമില്ലാത്തത്. പല സ്ഥലങ്ങളിൽ നിന്നു വന്ന് തമ്മിൽ പരിചയം പോലുമില്ലാത്ത ശാന്തിക്കാർ എങ്ങനെ ഇത്തരത്തിൽ തട്ടിപ്പ് നടത്തുമെന്നാണ് ഇവരുടെ ചോദ്യം.
സന്നിധാനത്തെ ചില ഉന്നതരുടെ ഒത്താശയോടുകൂടിയാണ് നെയ്യ് വിൽപ്പന നടന്നതെന്നാണ് ഇവർ പറയുന്നത്. ദർശനത്തിന് എത്തുന്ന വിഐപികൾക്ക് അടക്കം നെയ്യ് കൊടുക്കുന്നതിൽ കണക്കില്ലെന്നാണ് ആരോപണം. അതേസമയം പടിപൂജ മറിച്ച് കൊടുക്കാൻ അടക്കം ദേവസ്വം ഉന്നത ഉദ്യോഗസ്ഥരുടെ ഒത്തുകളിയുണ്ടെന്നും പരിശോധനയിൽ സൂചനയുണ്ട്.