cheruvally-estate

ശബരിമല വിമാനത്താവളത്തിനുള്ള ഭൂമിയായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് പാലാ സബ് കോടതി. സര്‍ക്കാരിന്റെ ഹര്‍ജി തള്ളി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാന സർക്കാരും ഗോസ്പൽ ഫോർ ഏഷ്യയും (അയന ചാരിറ്റബിൾ ട്രസ്റ്റ്) തമ്മിലുള്ള കേസിലായിരുന്നു കോടതി വിധി. 

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടെ 2570 ഏക്കർ ഏറ്റെടുക്കാനുള്ള സർക്കാരിന്റെ പ്രാഥമിക വിജ്ഞാപനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് എതിർപ്പുണ്ടെങ്കിൽ രേഖപ്പെടുത്താൻ ഏപ്രിൽ 25നു പ്രസിദ്ധീകരിച്ചതായിരുന്നു വിജ്ഞാപനം. വലിയ വിമാനത്താവളത്തിനു പോലും 1200 ഏക്കർ മതിയെന്നിരിക്കെ ഇവിടെ എന്തിനാണ് ഇത്രയധികം ഭൂമിയെന്ന് കോടതി ചോദിച്ചു.

നി‍‍ർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി രണ്ടാമതും റദ്ദാക്കിയിരുന്നു. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ 2570 ഏക്കർ ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം. വിമാനത്താവളത്തിന് ആവശ്യമായ സ്ഥലത്തെക്കാൾ ഇരട്ടി സ്ഥലം എന്തുകൊണ്ട് വേണമെന്നതിന് ഉത്തരം നൽകിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി നടപടി. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമം അനുസരിച്ച്, ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ അളവ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഈ   നിർണായക വ്യവസ്ഥ ഒഴിവാക്കിയതിലെ നിയമപരമായ വീഴ്ച ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് സി.ജയചന്ദ്രന്റെ ഉത്തരവ്. 

വിജ്ഞാപനത്തിനു മുൻപുള്ള സാമൂഹിക ആഘാത പഠന (എസ്ഐഎ) റിപ്പോർട്ട്, വിദഗ്ധ സമിതി റിപ്പോർട്ട്, സർക്കാർ ഉത്തരവ് എന്നിവ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. സർക്കാർ ഉത്തരവിൽ കുറഞ്ഞ ഭൂമി വ്യവസ്ഥ സംബന്ധിച്ച് ഒന്നും മിണ്ടിയിട്ടില്ലെന്നും എസ്ഐഎ, വിദഗ്ധ സമിതി റിപ്പോർട്ട് എന്നിവയെക്കാൾ മോശമാണിതെന്നും കോടതി വിമർശിച്ചു. തീരുമാനത്തിൽ അല്ല, തീരുമാനമെടുത്ത നടപടികളിലാണു സുപ്രധാനമായ തെറ്റുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറഞ്ഞ അളവ് ഭൂമി എത്രയെന്നു നിശ്ചയിക്കാൻ വീണ്ടും സാമൂഹികാഘാത പഠനം നടത്താനും നിർദേശിച്ചു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥരായ അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഉത്തരവ്.

കോടതിയുടെ ചോദ്യങ്ങൾ 

∙ കൊച്ചി രാജ്യാന്തര വിമാനത്താവളം 1300 ഏക്കറിലും തിരുവനന്തപുരം 700 ഏക്കറിലുമാണ്. ഈ സാഹചര്യത്തിൽ, കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകേണ്ട ശബരിമലയ്ക്ക് 2570 ഏക്കർ എന്തിനെന്ന് വ്യക്തമാക്കിയിട്ടില്ല.

∙ ഭാവി വികസനത്തിനാണ് 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതെന്നു സർക്കാർ വാദിച്ചെങ്കിലും വികസന പദ്ധതികൾ എന്തൊക്കെയാണെന്നോ എത്ര ഭൂമി വേണമെന്നോ വിശദീകരിക്കാനായില്ല.

ENGLISH SUMMARY:

Sabarimala Airport land acquisition faces setbacks after a Pala court ruled against the government's claim to Cheruvally Estate. The court's decision highlights issues with the land acquisition process for the proposed airport project.