മുഖ്യമന്ത്രിയാകാന്‍ താനില്ലെന്ന് പറയേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ആവശ്യം വരുന്ന ഘട്ടത്തില്‍ അത് പറയും. സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമാണ് ഞങ്ങള്‍. ഒന്നിനുമില്ല ഒന്നിനുമില്ല എന്ന് പറയേണ്ട ആവശ്യമില്ലെന്നും സതീശന്‍ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ പറഞ്ഞു. കെ.സി.വേണുഗോപാല്‍ ദേശീയനേതൃത്വത്തിന്റെ ഭാഗമാണ്, എംപിയുമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയാകാനില്ലെന്ന് അദ്ദേഹം പറഞ്ഞതെന്നും വിഡി സതീശന്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയാകാനുള്ള അസൈന്‍മെന്‍റല്ല ഇപ്പോഴെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു. പാര്‍ട്ടിയെ അധികാരത്തിലേറ്റാനുള്ള അസൈന്മെന്റാണ്. മുഖ്യമന്ത്രിയാകാന്‍ പ്രവര്‍ത്തനം നടത്തിയാല്‍ ആ അസൈന്‍മെന്റ് നടക്കില്ലെന്നും സതീശന്‍ ന്യൂസ് മേക്കര്‍ സംവാദത്തില്‍ പറഞ്ഞു. വി.ഡി.സതീശനുമായുള്ള ന്യൂസ്മേക്കര്‍ സംവാദത്തിന്‍റെ പൂര്‍ണരൂപം ഇന്നുരാത്രി ഒന്‍പതിന് മനോരമ ന്യൂസില്‍ കാണാം.