TOPICS COVERED

ശബരിമലയിലെ വാജിവാഹന കൈമാറ്റത്തിന് വഴിവെച്ച 2017ലെ കൊടിമര പുനപ്രതിഷ്ഠയില്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തെ ദേവസ്വം ബോര്‍ഡിനെ പ്രതിചേര്‍ത്ത് കേസെടുത്തേക്കും.പണപ്പിരിവിലടക്കം ദുരൂഹതയെന്ന് കാണിച്ച് എസ്.ഐ.ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണം വഴിതെറ്റിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതിനിടെ ശബരിമലയില്‍ നിലിവിലുള്ള സ്വര്‍ണപ്പാളികള്‍ യഥാര്‍ഥമാണോയെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ പരിശോധനാഫലം എസ്.ഐ.ടിക്ക് ലഭിച്ചു. അറസ്റ്റിലായ കെ.പി.ശങ്കരദാസിനെ  മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനം.

വാജിവാഹനം നിയമംലംഘിച്ച് തന്ത്രിക്ക് കൈമാറിയതില്‍ ഒതുങ്ങുന്നതല്ല, 2017ലെ ദേവസ്വം ബോര്‍ഡിന്‍റെ വഴിവിട്ട നടപടിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. 1971 മുതല്‍ സന്നിധാനത്തുണ്ടായിരുന്ന കോണ്‍ക്രീറ്റ് കൊടിമരത്തിന് ബലക്ഷയമെന്ന പേരിലാണ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ദേവസ്വം ബോര്‍ഡ് വ്യാപകപണപ്പിരിവ് നടത്തിയെങ്കിലും കണക്കില്ല. പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകരടക്കമുള്ള രൂപങ്ങള്‍ എവിടെയെന്ന് ഉറപ്പില്ല. സ്വര്‍ണം ഉള്‍പ്പടെയുള്ളവ എവിടെയെന്ന് ഉറപ്പിക്കുന്ന രേഖകളുമില്ല. അതിനൊപ്പമാണ് വാജീവാഹനം എ‍ട്ട് വര്‍ഷത്തോളം  തന്ത്രി കൈവശം വെച്ചത്. ഈ കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും കോടതി നിര്‍ദേശിച്ചാല്‍ കേസെടുത്ത് അന്വേഷിക്കാനുമാണ് തീരുമാനം. കേസെടുത്താല്‍  യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച 2016 കാലത്തെ ദേവസ്വം ബോര്‍ഡ് പ്രതിയാകും. അജയ് തറയിലിനെയടക്കം ചോദ്യം ചെയ്യും. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.

ശബരിമലയിലെ യഥാര്‍ഥ ദ്വാരപാലക ശില്‍പ്പപാളികളും കട്ടിളപ്പാളികളും  പൂര്‍ണായി വിറ്റോ? നിലവിലുള്ളത് യഥാര്‍ത്ഥ പാളിയാണോ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്ന ശാസ്ത്രീയ പരിശോധനാഫലം എസ്.ഐ.ടി പരിശോധിക്കുകയാണ്.തിങ്കളാഴ്ച ഇടക്കാല റിപ്പോര്‍ട്ടിനൊപ്പം ഹൈക്കോടതിക്ക് കൈമാറും. അറസ്റ്റിലായ കെ.പി.ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ചികിത്സ തുടരണമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് തീരുമാനം.

ENGLISH SUMMARY:

Sabarimala controversy centers on the alleged irregularities in the 2017 Kodimaram replacement and subsequent investigations. The SIT is investigating potential corruption involving the Devaswom Board and allegations of government interference in the probe.