രാഹുല്‍ മാങ്കൂട്ടത്തില്‍ (ഫയല്‍ ചിത്രം)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മൂന്നാമത്തെ പരാതിക്കാരിയെ ബലാല്‍സംഗം ചെയ്തുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. ശാരീരികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന രാഹുലിന്‍റെ വാദം കോടതി തള്ളി. പരാതിക്കാരി വിവാഹിതയാണെന്ന് അറിയില്ലായിരുന്നുവെന്ന നിലപാടും നിരാകരിച്ചു. പ്രതിക്കെതിരായ ആരോപണങ്ങള്‍ അതീവഗുരുതരമാണെന്ന് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് നിരീക്ഷിച്ചു.
ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവില്‍ നിന്നും
വിവാഹജീവിതത്തിലെ പ്രശ്നങ്ങളില്‍ പിന്തുണ നല്‍കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയുടെ വിശ്വാസം നേടിയത്. തിരുവല്ലയിലെ ഹോട്ടലില്‍ കൂടിക്കാഴ്ചയ്ക്കെത്തിയപ്പോള്‍ റസ്റ്ററന്‍റില്‍ ഇരുന്ന് സംസാരിക്കാമെന്നുപറഞ്ഞ പരാതിക്കാരിയെക്കൊണ്ട് തന്ത്രത്തില്‍ മുറിയെടുപ്പിക്കുകയും ഹോട്ടലിലെ റജിസ്റ്ററില്‍ പേര് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ എഴുതിക്കുകയും ചെയ്തു. മുറിയില്‍ പ്രവേശിച്ചയുടന്‍ രാഹുല്‍ യുവതിയെ ബലാല്‍സംഗം ചെയ്യുകയാണുണ്ടായത്. അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. ഈ സംഭവങ്ങളെത്തുടര്‍ന്നാണ് അതിജീവിത ഗര്‍ഭിണിയായത്. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് രാഹുല്‍ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രഥമവിവരറിപ്പോര്‍ട്ടില്‍ പരാതിക്കാരി മൂന്നുദിവസത്തിനകം ഒപ്പുവച്ചില്ല, മെഡിക്കല്‍ പരിശോധന വൈകി, അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല തുടങ്ങിയ രാഹുലിന്‍റെ വാദങ്ങളും സുപ്രീംകോടതി ഉത്തരവുകള്‍ ഉദ്ധരിച്ച് കോടതി തള്ളി. എഫ്.ഐ.എസില്‍ മൂന്നുദിവസത്തിനകം ഒപ്പുവയ്ക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങള്‍ ഭാരതീയ ന്യായ സംഹിതയില്‍ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യുന്ന സമയത്ത് രേഖാമൂലം കാരണങ്ങള്‍ അറിയിച്ചില്ലെന്ന വാദവും നിലനില്‍ക്കില്ല. കോടതിയില്‍ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് രേഖാമൂലം കാരണങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് സുപ്രീംകോടതി വിധിയുണ്ട്.
പ്രതി എംഎല്‍എയാണ്. സമാനമായ കുറ്റകൃത്യങ്ങള്‍ നേരത്തേയും ചെയ്തതായി ആരോപണമുണ്ട്. പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തെളിവുനശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ചേക്കാം. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കോടതി തയാറല്ലെന്നും മജിസ്ട്രേറ്റ് ഉത്തരവില്‍ വ്യക്തമാക്കി.