സാന്ദ്രയുടെ അച്ഛന്‍
കൊല്ലത്തെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഹോസ്റ്റലില്‍ കായികതാരങ്ങളായ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. സായിയിലെ അധ്യാപകന്‍ മകളെ മാനസികമായി പീഡിപ്പിച്ചു. ഇതേക്കുറിച്ച് മകള്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് മരിച്ച സാന്ദ്രയുടെ പിതാവ് മനോരമന്യൂസിനോട് പറഞ്ഞു. ഉപദ്രവം സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് മകളുടെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ മരിച്ചിട്ടും സായി അധികൃതര്‍ കുടുംബവുമായും ബന്ധപ്പെടാന്‍ കൂട്ടാക്കിയില്ലെന്നും പൊലീസാണ് വിവരം അറിയിച്ചതെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. വ്യാഴാഴ്ചയാണ് സാന്ദ്രയെയും തിരുവനന്തപുരം സ്വദേശി വൈഷ്ണവിയെയും ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ സാന്ദ്ര പ്ലസ്ടുവിലും വൈഷ്ണവി പത്താംക്ലാസിലുമാണ് പഠിച്ചിരുന്നത്. സാന്ദ്ര അത്ലറ്റിക് താരവും വൈഷ്ണവി കബഡി താരവുമായിരുന്നു.
രാവിലെയുള്ള പതിവ് പരിശീലനത്തിന് ഇരുവരും എത്തിയില്ല. പരിശീലനം കഴിഞ്ഞ് മറ്റ് കുട്ടികള്‍ അന്വേഷിച്ച് എത്തിയപ്പോള്‍ റൂമിന്‍റെ വാതില്‍ അടഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് ജനാലയിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)