ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യമില്ല. തിരുവല്ല ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് തീരുമാനം. വിശദമായ വാദം കേട്ടതിന് ശേഷമാണ് ജാമ്യഹര്‍ജി തള്ളി ജഡ്ജി അരുന്ധതി ദിലീപ് ഉത്തരവിട്ടത്. തിങ്കളാഴ്ച രാഹുല്‍ മേല്‍ക്കോടതിയെ സമീപിക്കും.  ഇന്നലെ അടച്ചിട്ട കോടതിമുറിക്കുള്ളിലായിരുന്നു വാദപ്രതിവാദം നടന്നത്.  പ്രോസിക്യൂഷന് വേണ്ടി എം.ജി.ദേവിയും പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം അജിത് കുമാറുമാണ് ഹാജരായത്.  ആദ്യത്തെ രണ്ടു പരാതികളിൽ കോടതിയിൽ നിന്ന് ഇളവു ലഭിച്ച രാഹുലിനെ മൂന്നാം പരാതിയിലാണ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടത്. വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ച് വരുത്തി യുവതിയെ പീഡിപ്പിച്ചു എന്നതാണ് അറസ്റ്റിന് ആസ്പദമായ മൂന്നാം കേസ്.

പരാതിക്കാരിയുടെ രഹസ്യമൊഴി വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇ–മെയിൽ പരാതിയിൽ 3 ദിവസത്തിനകം പരാതിക്കാരി നേരിട്ടു ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നും അതിനാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണു രാഹുലിന്റെ വാദം. പരാതിയിൽ ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലെടുത്ത കേസ് നിലനിൽക്കുമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു.

ഈ മാസം 11ന് അതിരാവിലെയാണ് മൂന്നാമത്തെ ബലാല്‍സംഗക്കേസില്‍ പാലക്കാട്ടെ കെപിഎം റീജന്‍സിയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിവേഗം പത്തനംതിട്ടയിലെത്തിച്ച് അറസ്റ്റും രേഖപ്പെടുത്തി. പിന്നീട് യുവതിയെ പീഡിപ്പിച്ചതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. തന്‍റെ വിവാഹ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിട്ട സമയത്ത് രാഹുല്‍ താനുമായി ബന്ധം സ്ഥാപിച്ചുവെന്നും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും യുവതി പറയുന്നു.  പാലക്കാട് 3 മുറിയുള്ള ഫ്ലാറ്റ് വാങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിച്ചെന്നും ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ കുട്ടിയുടെ പിതൃത്വം നിഷേധിക്കുകയും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. രാഹുലിനെതിരായ മറ്റു പരാതികള്‍ പുറത്തുവന്നപ്പോള്‍  തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും യുവതി തുറന്ന് പറഞ്ഞു. രാഹുലിന്‍റെ ഉറ്റ സുഹൃത്തായ ഫെനി നൈനാന് വിവരങ്ങള്‍ അറിയാമെന്നും ഫെനിയും ചേര്‍ന്നാണ് തന്നെ തെറ്റിദ്ധരിപ്പിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. 

കഴിഞ്ഞ ദിവസം രാഹുലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയപ്പോഴും പ്രതിഷേധങ്ങൾ ഒന്നും തന്നെയുണ്ടായില്ല. എന്നാല്‍ രാഹുലിനെ മാവേലിക്കര സ്പെഷൽ സബ് ജയിലിൽ എത്തിച്ചപ്പോൾ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. മാവേലിക്കര കോടതി വളപ്പിലൂടെ സ്പെഷൽ സബ് ജയിലിലേക്കു കൊണ്ടുപോകുമ്പോൾ യുവമോർച്ച പ്രവർത്തകർ വാഹനത്തിനു പിന്നാലെ മുദ്രാവാക്യം വിളികളുമായി ഓടിയെത്തി ചീമുട്ട എറിഞ്ഞു.  3 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

ENGLISH SUMMARY:

The Thiruvalla Judicial First Class Magistrate Court has denied bail to Palakkad MLA Rahul Mamkootathil in a sexual assault case. This follows a third complaint alleging that he raped a woman at a hotel after promising marriage. While Rahul had received relief in the first two complaints, he was arrested and remanded to custody based on this recent third allegation. Currently lodged in the Mavelikkara Special Sub-Jail, the MLA faced intense protests from Yuva Morcha workers, who pelted eggs at the police vehicle during his transfer. Police have arrested three protesters in connection with the incident but later released them on bail. The court's decision to withhold bail means the high-profile leader will continue his stay in judicial custody as the investigation proceeds. The case has sparked significant political debate in Kerala, with opposition parties labeling it as political vendetta while the government maintains it is a legal process.