shamabattha-government

TOPICS COVERED

ക്ഷാമബത്ത നിയമപ്രകാരമുള്ള ആനുകൂല്യമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ശമ്പളം, അലവൻസ്, പെൻഷൻ, ശമ്പള പരിഷ്കരണം, ക്ഷാമബത്ത തുടങ്ങിയവ സർക്കാരിന്റെ നയപരമായ തീരുമാനമാണ്. അതിനാൽ ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം അറിയിക്കുക ബുദ്ധിമുട്ടാണെന്നും സർക്കാർ വ്യക്തമാക്കി.

ക്ഷാമബത്ത കുടിശികയായുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. 2023 ജൂലൈ മുതൽ 6 ഗഡുക്കളിലായി 15 ശതമാനം ഡി.എ കുടിശികയുണ്ടെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്നാൽ ശമ്പളം, അലവൻസ്, പെൻഷൻ, ശമ്പള പരിഷ്കരണം, ക്ഷാമബത്ത തുടങ്ങിയവ സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നാണ് സർക്കാർ നിലപാട് അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മൂലമാണ് സംസ്ഥാനത്തിന് ഫണ്ട് ലഭ്യമല്ലാത്തത്. കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി മുമ്പാകെയുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.

ക്ഷാമബത്ത അടക്കം തീരുമാനിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതയുടെ അടിസ്ഥാനത്തിലാണ്. അതൊരു നയപരമായ തീരുമാനവുമാണ്. ക്ഷാമബത്ത ലഭിക്കുന്നത് ജീവനക്കാരുടെ അവകാശമായി കണക്കാക്കാനാവില്ല, മറിച്ച് സർക്കാരെടുക്കുന്ന തീരുമാനത്തിന്റെ ഭാഗമാണ്. ജീവനക്കാർ ക്ഷാമബത്ത കിട്ടാൻ അനന്തമായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്നാണ് ബംഗാൾ സർക്കാരുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീം കോടതി പറഞ്ഞത്. അല്ലാതെ, പണം നൽകാൻ പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ക്ഷാമബത്ത എന്നത് നിർബന്ധിതമായി നൽകേണ്ട നിയമപരമായ ഒന്നല്ല. 2020 ജനുവരി 1 മുതൽ 2021 ജൂൺ 30 വരെ കേന്ദ്ര സർക്കാർ ക്ഷാമബത്ത നൽകുന്നത് തടഞ്ഞിരുന്നു. ഈ കുടിശിക പിന്നീട് നൽകിയിട്ടില്ലെന്നും സർക്കാരിൻ്റെ സത്യവാങ്മൂലത്തിലുണ്ട്. 

ENGLISH SUMMARY:

The Kerala government informed the High Court that Dearness Allowance (DA) is not a statutory right of employees but a policy decision based on the state's financial stability. Responding to a petition regarding six pending DA installments since July 2023, the government stated it cannot provide a specific timeline for disbursement due to severe fund shortages and central government restrictions on borrowing limits. The affidavit also cited a Supreme Court observation in a similar case involving the West Bengal government, arguing that DA is an allowance determined by the state's discretion rather than a mandatory legal obligation.