ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍. മുന്‍ ജില്ലാ ജഡ്ജിയും മുന്‍ നിയമ സെക്രട്ടറിയുമായ ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ബി.ജി.ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്. വിഞ്ജാപനം വൈകാതെ ഇറങ്ങും.
ഫ്രാങ്കോയെ വെറുതെ വിട്ട ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസ്യിക്യൂട്ടറെ നിയമിക്കാന്‍ വൈകുന്നതില്‍ അതിജീവിതയായ സിസ്റ്റര്‍ റാണിറ്റ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. 2022 ലാണ് ലൈംഗികാതിക്രമക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നത്.
ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിയെഴുതിയാണ് കോട്ടയത്തെ വിചാരണ കോടതി ഫ്രാങ്കോയെ വെറുതെവിട്ടത്. സർക്കാരും സിസ്റ്റർ റാണിറ്റും നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നുവെന്ന സിസ്റ്റർ റാണിറ്റിന്റെ തുറന്നുപറച്ചിലിന് പിന്നാലെ സിസ്റ്റർ ഉൾപ്പടെ കുറിവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് പേർക്ക് സര്‍ക്കാര്‍ റേഷൻ കാർഡ് അനുവദിച്ചിരുന്നു.