പ്ലാസ്റ്റിക് മദ്യക്കുപ്പികൾക്ക് 20 രൂപ ഡെപ്പസിറ്റ് ഈടാക്കുന്ന പദ്ധതി ഉപഭോക്താക്കളെ കൂടുതൽ പിഴിയുന്ന മട്ടിലേക്ക് മാറ്റാൻ ബവ്കോ നീക്കം. സ്റ്റിക്കർ ഒട്ടിച്ച കുപ്പി എത്ര ദിവസം കഴിഞ്ഞാലും വാങ്ങിയ കടയിൽ എത്തിച്ചാൽ പണം തിരികെ കിട്ടുന്ന രീതി മാറ്റി, സ്കാൻ ചെയ്ത് ഉറപ്പാക്കിയാൽ മാത്രം പണം നല്‍കാനാണ് തീരുമാനം. സ്റ്റിക്കറിലെ ബാർ കോഡ് തെളിയാതിരുന്നാലോ 15 ദിവസത്തിനകം കുപ്പി തിരികെ നൽകിയില്ലെങ്കിലോ പണം ബവ്കോയ്ക്ക് സ്വന്തമാകും.
മദ്യം വിൽക്കുമ്പോൾ ബോട്ടിലിന്‍റെ മുകൾ ഭാഗത്തെ സ്റ്റിക്കർ സ്കാൻ ചെയ്യും. കുപ്പി തിരികെ കൊണ്ടുവരുമ്പോൾ ഇതേ സ്റ്റിക്കർ സ്കാനറില്‍ റീഡ് ആയില്ലെങ്കില്‍ പണം കിട്ടില്ല. അടപ്പ് തുറക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 20 രൂപ മറന്നേക്കണമെന്ന് ചുരുക്കം. പരീക്ഷണാടിസ്ഥാനത്തിൽ സ്കാനർ ഉപയോഗിച്ച് തുടങ്ങിയ ഷോപ്പുകളിൽ മദ്യവിതരണത്തിന് വേഗം കുറഞ്ഞത് ഉദ്യോഗസ്ഥരെ അലട്ടുന്നുണ്ട്.
കരാര്‍ കമ്പനിയുമായി ധാരണയിലെത്താന്‍ വൈകുന്നതിനാല്‍ 20 രൂപ ഡെപ്പസിറ്റ് പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്. മേനോൻപാറ പ്ലാന്‍റില്‍ നിന്ന് സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേരിടലും വിമർശനം കാരണം നീളുന്നതിനാല്‍ തിരഞ്ഞെടുപ്പ് സാഹചര്യം നോക്കിയാവും ബവ്കോ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തില്‍ വരുത്തുക. 20 രൂപ പദ്ധതി വിപുലമാക്കാൻ തീരുമാനിച്ചെങ്കിലും വിഹിതം പങ്കിടുന്നതിനെച്ചൊല്ലി കരാർ കമ്പനിയും എക്സൈസും തമ്മിൽ നിലനില്‍ക്കുന്ന തര്‍ക്കമാണ് നടപ്പാക്കല്‍ വൈകാന്‍ കാരണം.