തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത വാജി വാഹനവും അന്വേഷണ പരിധിയില്‍. കണ്ടെടുത്തത് യഥാര്‍ഥമാണോ എന്ന് പരിശോധിക്കും. 2017ലെ കൊടിമര പുനഃനിര്‍മ്മാണവും അന്വേഷണപരിധിയില്‍. കൊടിമര നിർമാണത്തിനെതിരെ ഒട്ടേറെ പരാതി ലഭിച്ചിരുന്നു. പ്രയാർ ഗോപാല കൃഷ്ണൻ പ്രസിഡന്റായിരുന്നപ്പോളാണ് കൊടിമര പുനർ നിർമാണം നടത്തിയത്.  Also Read: വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്; തന്ത്രസമുച്ചയത്തിലും നിര്‍ദേശം.

ശബരിമലയിലെ വാജി വാഹനം തന്ത്രിയുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം. സമ്പന്നന് വിറ്റതായി ആക്ഷേപം ഉയർന്ന വാജി വാഹനമാണ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത്. വാജി വാഹനം തൻറെ വീട്ടിലുണ്ടെന്ന് നേരത്തെ തന്നെ തന്ത്രി കണ്ഠര് രാജീവർ വ്യക്തമാക്കിയിരുന്നു.

തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിന് പിന്നാലെയാണ് മറ്റൊരു അപ്രതീക്ഷിത നീക്കം എസ്‌ഐടി നടത്തിയിരിക്കുന്നത്. ആചാരപ്രകാരം തന്ത്രിക്ക് അവകാശപ്പെട്ടതെന്ന വാദമുള്ള വാജി വാഹനമാണ് തന്ത്രിയുടെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്. പൂജാമുറിയിലാണ് വാജി വാഹനം സൂക്ഷിച്ചിരുന്നത്. കൊല്ലം വിജിലൻസ് കോടതിയിൽ  ഹാജരാക്കുകയും ചെയ്തു. ശബരിമലയിലെ പഴയ കൊടിമരത്തിന്റെ മുകളിൽ ഉണ്ടായിരുന്ന വെള്ളിയിൽ നിർമ്മിച്ച വാജി വാഹനമാണിത്.

സ്വർണ്ണക്കൊള്ള ആരോപണത്തിന്റെ തുടക്ക സമയത്ത് വാജി വാഹനവും കാണാതായതായി ആക്ഷേപം ഉയർന്നിരുന്നു. ഒരു സമ്പന്നന് വിറ്റു എന്നായിരുന്നു ആക്ഷേപം. എന്നാൽ വാജി വാഹനം തന്റെ വീട്ടിലുണ്ടെന്ന് പിന്നീട് തന്ത്രി വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ പഴയ കോൺക്രീറ്റ് കൊടിമരം 2017 ലാണ് പുതുക്കി പണിതത്. ആ സമയം പഴയ കൊടിമരത്തിലെ വാജി വാഹനം ആചാരപ്രകാരം തന്ത്രിക്ക് കൈമാറുകയായിരുന്നു. തന്റെ കൈവശം ഉണ്ടെന്ന് വെളിപ്പെടുത്തിയ തന്ത്രി അത് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. 

വാജി വാഹന ഏറ്റെടുക്കാൻ തിരുവാഭരണം കമ്മീഷണറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ സ്വർണ്ണക്കൊള്ളയിൽ അന്വേഷണം തുടങ്ങിയതോടെ നടപടികൾ പൂർത്തിയാകാതിരിക്കുകയായിരുന്നു. സ്വർണ്ണക്കൊള്ള അന്വേഷണവുമായിട്ട് നേരിട്ട് ബന്ധമില്ലാത്തതാണ് ഇപ്പോൾ എസ്ഐടി ഏറ്റെടുത്തിരിക്കുന്ന വാജി വാഹനം.

ENGLISH SUMMARY:

The Vaji Vahanam recovered from the residence of Tantri Kandhar Rajeevar has been brought under investigation. The Special Investigation Team will verify whether the seized object is genuine. The 2017 reconstruction of the Sabarimala Kodimaram has also come under the probe following multiple complaints. The silver-made Vaji Vahanam was taken into custody and produced before the Kollam Vigilance Court. Earlier allegations claimed the ritual object was missing and sold, which were denied by the Tantri. Officials say the seized Vaji Vahanam has no direct link to the gold theft investigation.