ശബരിമല റോപ്‌വേ പദ്ധതി അടുത്തമണ്ഡലകാലത്ത് യാഥാര്‍ഥ്യമാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍ മനോരമ ന്യൂസിനോട്. പദ്ധതി സംബന്ധിച്ച് അവ്യക്തതകളുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമിതിയുടെ അധ്യക്ഷനായിരിക്കെ തന്നെ റോപ്‌വേ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ശബരിമല തീര്‍ഥാടത്തിനുള്ള ഒരുക്കങ്ങള്‍ അടുത്തമാസം ആരംഭിക്കും. ഫെബ്രുവരി ആറിന് വിശാലമായ അവലോകന യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം സന്നിധാനത്ത് പറഞ്ഞു.
അതേസമയം, മകരവിളക്കുല്‍സവത്തിന് ഒരുങ്ങി ശബരിമല. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മകരസംക്രമ പൂജയ്ക്ക് തുടക്കമാകും. മൂന്ന് എട്ടിനാണ് മകരസംക്രമം. വൈകിട്ട് അഞ്ചരയ്ക്ക് തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ആചാരപരമായ സ്വീകരണം നല്‍കും. 6.20ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. 6.40ന് ആണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കും.ഈ സമയം ആകാശത്ത് മകരനക്ഷത്രം തെളിയും.ദീപാരാധന കഴിഞ്ഞാല്‍ മണിമണ്ഡപത്തിലെ കളമെഴുത്തും എഴുന്നള്ളത്തും തുടങ്ങും.