ഭക്തലക്ഷങ്ങൾക്കു ജന്മസാക്ഷാത്കാരമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശനം. ശരണം വിളിച്ചു കാത്തിരുന്ന അയ്യപ്പഭക്തർക്കു മുന്നിൽ കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം മിന്നി നിന്നു. തിരുവാഭരണം ചാർത്തി ശ്രീഭൂതനാഥന്റെ ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞതോടെ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. ഭക്ത മനസ്സുകളെ കുളിരണിയിച്ച് അതു രണ്ടുവട്ടം കൂടി മിന്നിമാഞ്ഞു. കാനനവാസനെ തൊഴുതു വണങ്ങി ഭക്തർ മലയിറങ്ങി.
കാനനം കാവിയും കറുപ്പുമുടുത്ത സന്ധ്യയിൽ പൊന്നമ്പലവാസന്റെ ദർശനം ലഭിച്ചവരുടെയും ദർശനത്തിനായി കാത്തുനിൽക്കുന്നവരുടെയും ശരണംവിളികൾ തിരുമുറ്റത്തും വലിയ നടപ്പന്തലിലും തിരുവാഭരണ യാത്രയ്ക്ക് അകമ്പടിയായി. ശരണവഴികളെ ഭക്തിസാന്ദ്രമാക്കിയാണു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് കടന്നുവന്നത്. കാനനപാതകൾ താണ്ടി തിരുവാഭരണം എത്തിയപ്പോൾ ആയിരക്കണക്കിനു തീർഥാടകരാണ് കാത്തുനിന്നത്. തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയപ്പോൾ ശരണമന്ത്രങ്ങൾ ഉച്ചത്തിലായി.
മകര നക്ഷത്രം തെളിഞ്ഞതോടെ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കായി. മകരവിളക്കിന്റെ ദിവ്യനാളം തെളിഞ്ഞ പുണ്യനിമിഷത്തില്‍ സന്നിധാനത്തെയും പൊന്നമ്പലമേട്ടിനെയും നോക്കി ശരണം വിളി ഉച്ചസ്ഥായിയിൽ ഉയർന്നു. പുല്ലുമേട്ടിൽ പുണ്യ സായാഹ്നം. കലിയുഗവരദനു ശരണം വിളിയുയർത്തി ദർശനപുണ്യം പൂകി ഭക്തര്‍ തൊഴുകൈകളോടെ നിന്നു.